ആലപ്പോ പോരാട്ടത്തിൽ 73 പേർക്കു ജീവഹാനി
Friday, May 6, 2016 10:54 AM IST
ആലപ്പോ: സിറിയയിലെ രണ്ടാമത്തെ വലിയ നഗരമായ ആലപ്പോയ്ക്ക് സമീപം അസാദിന്റെ സൈന്യവും അൽക്വയ്ദയോട് അനുഭാവം പുലർത്തുന്ന ഭീകര ഗ്രൂപ്പുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 73പേർ കൊല്ലപ്പെട്ടു. അസാദിന്റെ സൈന്യത്തെ തുരത്തി ആലപ്പോയ്ക്ക് തെക്കുള്ള ഖാൻതുമാനിന്റെയും സമീപപ്രദേശങ്ങളുടെയും നിയന്ത്രണം അൽ–നുസ്റ മുന്നണിയും സഖ്യകക്ഷികളും പിടിച്ചതായി സിറിയൻ ഒബ്സർവേറ്ററി അറിയിച്ചു. അൽനുസ്റ ഭീകരരുടെ പ്രാദേശിക കമാൻഡർ ഉൾപ്പെടെ 43 പേർ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ ഭാഗത്ത് 30 പേർക്കാണ് ജീവഹാനിയുണ്ടായത്.ഡമാസ്കസ്–ആലപ്പോ ഹൈവേയിലുള്ള തന്ത്രപ്രധാന പ്രദേശമായ ഖാൻതുമാന്റെ പതനം സിറിയൻ ഭരണകൂടത്തിന് കനത്ത പ്രഹരമായി.

തുർക്കി അതിർത്തിക്കു സമീപം സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയിലെ സർമാദ അഭയാർഥി ക്യാമ്പിൽ വ്യാഴാഴ്ച നടന്ന വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ യുഎൻ തീരുമാനിച്ചു. ആലപ്പോയിൽ സിറിയൻ സൈന്യം വെടിനിർത്തൽ പ്രഖ്യാപിച്ചശേഷമാണ് അഭയാർഥിക്യാമ്പിൽ ആക്രമണം നടന്നത്. ആക്രമണത്തിൽ 80 പേർക്കു പരിക്കേറ്റു. ആലപ്പോയിൽനിന്ന് 40 കിലോമീറ്റർ അകലെയാണു സർമാദ ക്യാമ്പ്.


ആക്രമണം നടത്തിയതു തങ്ങളല്ലെന്നു സിറിയൻ ഭരണകൂടം വ്യക്‌തമാക്കി. അൽനുസ്റയുമായി ബന്ധമുള്ളവരാണ് ആക്രമണകാരികളെന്നു റഷ്യ ആരോപിച്ചു. അഭയാർഥി ക്യാമ്പിലെ ആക്രമണം യുദ്ധക്കുറ്റമാണെന്ന് യുഎൻ മനുഷ്യാവകാശ മേധാവി സ്റ്റീഫൻ ഒബ്രിയൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.