ട്രംപിനെതിരേ കലാപക്കൊടി ഉയർത്തി സ്പീക്കർ റയൻ
Friday, May 6, 2016 10:54 AM IST
വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപ് റിപ്പബ്ളിക്കൻ സ്‌ഥാനാർഥിയാവുന്നതിനെ പിന്തുണയ്ക്കില്ലെന്ന യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ പോൾ റയന്റെ പ്രസ്താവന പാർട്ടിയെ ഞെട്ടിച്ചു. എതിരാളികളെല്ലാം പിൻവാങ്ങി ട്രംപിനു സ്‌ഥാനാർഥിത്വം ഉറപ്പായ അവസരത്തിലാണ് പാർട്ടിയിലെ മുതിർന്ന നേതാവായ റയൻ കലാപക്കൊടി ഉയർത്തിയത്.

യാഥാസ്‌ഥിതിക പാർട്ടി ഇത്രനാളും പുലർത്തിയിരുന്ന മൂല്യങ്ങൾ ട്രംപ് അംഗീകരിക്കുന്നുണ്ടോ എന്നറിയേണ്ടത് ആവശ്യമാണെന്നു റയൻ ചൂണ്ടിക്കാട്ടി. ട്രംപിനെ പിന്തുണയ്ക്കാൻ ആഗ്രഹമുണ്ട്. എന്നാൽ ഇപ്പോൾ പറ്റിയ സമയമല്ല. കൂടുതൽ ചർച്ചയ്ക്കുശേഷം യോജിപ്പിന്റെ മേഖലകൾ കണ്ടെത്താനായേക്കും– റയാൻ പറഞ്ഞു.

റയന്റെ പ്രസ്താവന തന്നെ അദ്ഭുതപ്പെടുത്തിയെന്നു ട്രംപ് പ്രതികരിച്ചു. റയന്റെ അജൻഡയ്ക്കു പിന്തുണ നൽകാനില്ലെന്നു പറഞ്ഞ ട്രംപ് അടുത്തയാഴ്ച റയനുമായി ചർച്ച നടത്തുമെന്നു വ്യക്‌തമാക്കി. തന്റെ പ്രചാരണശൈലിയാണ് പതിനായിരങ്ങളെ പാർട്ടിയിലേക്ക് ആകർഷിച്ചതെന്നു ഫോക്സ് ന്യൂസിനോടു ട്രംപ് പറഞ്ഞു.


ട്രംപും റയനും ചർച്ച നടത്തി ഭിന്നതകൾ പറഞ്ഞുതീർക്കുമെന്ന് റിപ്പബ്ളിക്കൻ നാഷണൽ കമ്മിറ്റി പ്രതികരിച്ചു. ഹില്ലരി ക്ലിന്റനെ നേരിടണമെങ്കിൽ പാർട്ടിയിൽ യോജിപ്പ് ആവശ്യമാണെന്ന് കമ്മിറ്റി വ്യക്‌തമാക്കി.

ട്രംപും റയനും ഇതിനുമുമ്പും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. മുസ്ലിംകളെ അമേരിക്കയിൽ പ്രവേശിക്കുന്നതിൽനിന്നു വിലക്കണമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കെ തിരേ റയൻ രംഗത്തുവന്നിരുന്നു.

ഇതിനിടെ ട്രംപിനെ സ്‌ഥാനാർഥിയായി പ്രഖ്യാപിക്കാനിരിക്കുന്ന ക്ലീവ്ലൻഡ് കൺവൻഷനിൽ പങ്കെടുക്കില്ലെന്നു റിപ്പബ്ളിക്കൻ നേതാവും 2012ലെ തെരഞ്ഞെടുപ്പിൽ പാർട്ടി നോമിനിയുമായിരുന്ന മിറ്റ് റോംനിയും പറഞ്ഞു.

റോംനിയുടെ വൈസ് പ്രസിഡന്റ് സ്‌ഥാനാർഥിയായിരുന്നു പോൾ റയൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.