എർദോഗൻ പിടിമുറുക്കി; തുർക്കി പ്രധാനമന്ത്രി രാജിവയ്ക്കുന്നു
എർദോഗൻ പിടിമുറുക്കി; തുർക്കി പ്രധാനമന്ത്രി രാജിവയ്ക്കുന്നു
Thursday, May 5, 2016 11:52 AM IST
അങ്കാറ: പ്രധാനമന്ത്രിപദവും ഭരണകക്ഷിയായ എകെ പാർട്ടിയുടെ നേതൃപദവിയും ഒഴിയുകയാണെന്നു തുർക്കി പ്രധാനമന്ത്രി അഹ്മറ്റ് ദവ്ടോഗ്ളു പ്രഖ്യാപിച്ചു. ഭരണഘടന ഭേദഗതി ചെയ്ത് പ്രസിഡൻഷ്യൽ ഭരണരീതി ഏർപ്പെടുത്താനുള്ള പ്രസിഡന്റ് എർദോഗന്റെ നീക്കമാണ് ദവ്ടോഗ്ളുവിനെ സമ്മർദത്തിലാക്കിയത്.

ഈ മാസം 22നു ചേരുന്ന അസാധാരണ പാർട്ടി കോൺഗ്രസിൽ നേതൃപദവിയിലേക്കു താൻ മത്സരിക്കില്ലെന്ന് ദവ്ടോഗ്ളു വ്യക്‌തമാക്കി. ഇന്നലെവരെ ഞാൻ നിങ്ങളെ നയിച്ചു. ഇനിമുതൽ നിങ്ങളിലൊരാൾ മാത്രമായിരിക്കും– പാർട്ടി അംഗങ്ങളോട് അദ്ദേഹം മനസുതുറന്നു.

ദവ്ടോഗ്ളുവും എർദോഗനും തമ്മിലുള്ള അഭിപ്രായ ഭിന്നത അടുത്തകാലത്ത് ഏറെ മൂർച്ഛിച്ചു. ദവ്ടോഗ്ളുവിനെ പുറത്താക്കിയ നടപടി കൊട്ടാര വിപ്ളവമാണെന്ന് പ്രതിപക്ഷ നേതാവ് കമാൽ കിലിക് ദാരോഗ്ളു പറഞ്ഞു.

എർദോഗനോടു തനിക്കു വിരോധമില്ലെന്നും എകെ പാർട്ടി ഒറ്റക്കെട്ടായി മുന്നേറണമെന്നാണ് ആഗ്രഹമെന്നും ദവ്ടോഗ്ളു പറഞ്ഞു.2002മുതൽ എകെ പാർട്ടിയാണ് തുർക്കി ഭരിക്കുന്നത്.


എർദോഗന്റെ വിശ്വസ്തരായ സർക്കാർ വക്‌താവ് നുമാൻ കുർട്ടുലുമുസ്, നീതിന്യായമന്ത്രി ബെകിർ ബോസ്ദാഗ് എന്നിവരിൽ ആരെങ്കിലുമായിരിക്കും ദവ്ടോഗ്ളുവിനു പകരം പ്രധാനമന്ത്രിയാവുകയെന്നു കരുതപ്പെടുന്നു.

ഗതാഗത മന്ത്രി ബിനാലി യിൽദിരിം, ഊർജമന്ത്രി ബറാറ്റ് അൽബയാറക് തുടങ്ങിയവരുടെ പേരും പറഞ്ഞുകേൾക്കുന്നുണ്ട്. ദവ്ടോഗ്ളുവിന്റെ രാഷ്ര്‌ടീയ തിരോധാനം യൂറോപ്പുമായുള്ള തുർക്കിയുടെ ബന്ധത്തെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ ആശങ്കയുണ്ട്. മിക്കവാറും ഈ വർഷം നവംബറിനു മുമ്പ് പാർലമെന്റ് തെരഞ്ഞെടുപ്പിനു സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.