ബ്രസീൽ: ലുലയ്ക്കെതിരേ അന്വേഷണം നടത്താൻ നിർദേശം
ബ്രസീൽ: ലുലയ്ക്കെതിരേ അന്വേഷണം നടത്താൻ നിർദേശം
Wednesday, May 4, 2016 11:39 AM IST
ബ്രസീലിയ: ബ്രസീലിന്റെ മുൻ പ്രസിഡന്റ് ലുല ഡി സിൽവയ്ക്ക് എതിരേയുള്ള അഴിമതിക്കേസിൽ അന്വേഷണം ആരംഭിക്കാൻ പ്രോസിക്യൂട്ടർ ജനറൽ റൊഡ്രിഗോ ജാനറ്റ് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.

പ്രസിഡന്റ് ദിൽമ റൂസഫിന്റെ കാബിനറ്റിലെ നിരവധി മന്ത്രിമാർക്ക് എതിരേയും അന്വേഷണം വേണമെന്നു ജാനറ്റ് നിർദേശിച്ചു. പെട്രോബാസ് എണ്ണക്കമ്പനിയിലെ പണം വെട്ടിപ്പുമായി ബന്ധപ്പെട്ട കേസാണിത്.

പ്രസിഡന്റ് ദിൽമ റൂസഫ് തന്നെ ആരോപണവിധേയയായി ഇംപീച്ചുമെന്റ് നേരിടുന്ന സന്ദർഭത്തിലാണ് കാബിനറ്റ് അംഗങ്ങൾക്ക് എതിരേ അന്വേഷണത്തിനു നീക്കം നടക്കുന്നത്.


ബജറ്റ് കണക്കിൽ തിരിമറി നടത്തി എന്ന ആരോപണത്തിന്റെ പേരിൽ ദിൽമയ്ക്ക് എതിരേ ഇംപീച്ച്മെന്റ് നടപടി ആരംഭിക്കാൻ പാർലമെന്റിന്റെ അധോസഭ ശിപാർശ ചെയ്തു. സെനറ്റിലും കൂടി തീരുമാനം ഉണ്ടായാൽ അവരെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തും.ഭരണ, പ്രതിപക്ഷ പാർട്ടികളിലെ 50 രാഷ്ട്രീയക്കാരുടെ പേരിൽ സുപ്രീംകോടതി നിർദേശ പ്രകാരം മറ്റൊരന്വേഷണം നിലവിൽ നടക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.