തലമാറ്റൽ അടുത്തവർഷം ചൈനയിൽ
തലമാറ്റൽ അടുത്തവർഷം ചൈനയിൽ
Monday, May 2, 2016 12:01 PM IST
ലണ്ടൻ: തല മാറ്റിവയ്ക്കുന്നു. സംശയിക്കേണ്ട. ഒരു ഉടലിൽ നിന്നു തലമാറ്റി വേറേ ഉടലിൽ വയ്ക്കുന്നതു തന്നെ. അടുത്തവർഷം അവസാനം ചൈനയിലെ ഹാർബിൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ഇതു നടക്കും. ശസ്ത്രക്രിയയ്ക്കു നേതൃത്വം വഹിക്കുന്നത് ഇറ്റാലിയൻ ശാസ്ത്രജ്‌ഞൻ ഡോ. സെർജിയോ കനാവെറോ.

തല മാറ്റൽ (അഥവാ ഉടൽ മാറ്റൽ) ശസ്ത്രക്രിയയ്ക്കു തയാറായി റഷ്യൻ വംശജനായ വലേറി സ്പിരിഡോണോവ് എന്ന കംപ്യൂട്ടർ ശാസ്ത്രജ്‌ഞൻ എത്തിയിട്ടുണ്ട്. മസിലുകൾ ദ്രവിച്ചുതീരുന്ന അപൂർവ രോഗത്തിനടിമയാണ് ഈ മുപ്പതുകാരൻ. ഇയാളുടെ തലയ്ക്കു പറ്റിയ ഉടൽ അന്വേഷിക്കുകയാണ് ഡോ. കനാവെറോ.

<ആ>മാറ്റുന്നത് ഉടൽ

തലമാറ്റൽ എന്നാണു പറയുന്നതെങ്കിലും യഥാർഥത്തിൽ നടക്കുന്നത് ഉടൽ മാറ്റലാണ്.
കഴുത്തിൽ വച്ചു മുറിച്ചെടുത്ത ശിരസ് മസ്തിഷ്കമരണം സംഭവിച്ച മറ്റൊരാളുടെ ഉടലിലേക്കു ചേർക്കും. കഴുത്തിലെ കശേരു പൊട്ടിച്ച് സുഷുമ്നാകാണ്ഡം സൂക്ഷ്മമായി പുതിയ ശരീരത്തിലെ സുഷുമ്നാകാണ്ഡത്തോട് ചേർക്കും.

പുതിയ ശരീരം മാറ്റിവച്ച തലയിലെ മസ്തിഷ്കം നല്കുന്ന നിർദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കും എന്നാണു പ്രതീക്ഷ.

<ആ>പരക്കെ എതിർപ്പ്

തലമാറ്റൽ ശസ്ത്രക്രിയയ്ക്കു വിവിധ തലങ്ങളിൽ വലിയ എതിർപ്പുണ്ട്. ധാർമികമായി ഇതു ശരിയല്ലെന്നാണു ഭൂരിപക്ഷം പേരും ചൂണ്ടിക്കാട്ടുന്നത്. ദൈവഹിതത്തിനെതിരാണ് ഇതെന്നു റഷ്യൻ ഓർത്തഡോക്സ് സഭ വ്യക്‌തമാക്കി. മൃഗങ്ങളിൽ പോലും പരീക്ഷിച്ച് വിജയിച്ചിട്ടില്ലാത്ത സാങ്കേതിക വിദ്യയാണ് ഇതെന്ന് ശാസ്ത്രലോകവും ചൂണ്ടിക്കാട്ടുന്നു.

<ആ>വ്യാജ അവകാശവാദം

തലമാറ്റി എന്ന അവകാശവാദം മുമ്പ് ഉണ്ടായിട്ടുണ്ട്. പക്ഷേ അതു വ്യാജമാണെന്നു തെളിഞ്ഞു.
അസ്‌ഥിയിലെ കാൻസർ ബാധിച്ചു മാരകനിലയിലായ പോൾ ഹോണർ എന്ന അമേരിക്കക്കാരന്റെ തല ദക്ഷിണാഫ്രിക്കയിലെ ചാർലോട്ടി മാക്സെകെ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ മറ്റൊരു ശരീരത്തിൽ ഘടിപ്പിച്ചു എന്നായിരുന്നു റിപ്പോർട്ട്. ഒരു വ്യാജ വെബ്സൈറ്റിലാണു വ്യാജ റിപ്പോർട്ട് ഉദയം ചെയ്തത്.

<ആ>36 മണിക്കൂർ, 132 കോടി

തല പുതിയ ഉടലിൽ ഘടിപ്പിക്കാനുള്ള ശസ്ത്രക്രിയയ്ക്കു രണ്ടുകോടി ഡോളർ (132 കോടി രൂപ) ആണു ചെലവ് പ്രതീക്ഷിക്കുന്നത്. 36 മണിക്കൂർ വേണ്ടിവരും. ഡോക്ടർമാരടക്കം 150 പേരും ആവശ്യമാണ്.


രണ്ടു ശസ്ത്രക്രിയകൾ ഒരേസമയത്താണ് നടത്തുക. സ്പിരിഡോണോവിന്റെ തല വേർപെടുത്തൽ ഒന്ന്, ശരീരം നല്കുന്നയാളിന്റെ ഉടൽ വേർപെടുത്തൽ രണ്ടാമത്തേത്.

ഉയരം, ശരീരപ്രകൃതി, രോഗപ്രതിരോധം എന്നിവ പരിശോധിച്ചാണു വേണ്ട ഉടൽ തീരുമാനിക്കുക. രണ്ടുപേരെയും ബോധം കെടുത്തി മസ്തിഷ്കത്തിലും ഹൃദയത്തിലും ഇലക്ട്രോഡുകളും സെൻസറുകളും ഘടിപ്പിച്ചുകൊണ്ടാണു ശസ്ത്രക്രിയ. ശരീരം മുഴുവൻ 12 ഡിഗ്രിക്കും 15 ഡിഗ്രിക്കുമിടയിലുള്ള ഊഷ്മാവിലാക്കും.

തുടർന്നു സ്പിരിഡോണോവിന്റെ മസ്തിഷ്കത്തിലെ മുഴുവൻ രക്‌തവും വലിച്ചുകളഞ്ഞ് ഒരു പ്രത്യേക ശസ്ത്രക്രിയാദ്രവം നിറയ്ക്കും. പിന്നീട് ശിരസ് വേർപെടുത്തി അടുത്ത ശരീരത്തിൽ ചേർക്കും.

സുഷുമ്നാകാണ്ഡം മുറിക്കാൻ രണ്ടുലക്ഷം ഡോളർ വിലയുള്ള അതി സൂക്ഷ്മമായ വജ്രമുനയാണുപയോഗിക്കുക. പോളി എത്തിലിൻ ഗ്ലൈക്കോൾ എന്ന പശ ഉപയോഗിച്ചാണു സുഷുമ്നാകാണ്ഡം ഒട്ടിച്ചുചേർക്കുക. രക്‌തക്കുഴലുകളും മസിലുകളും തുന്നിച്ചേർക്കും.

ശസ്ത്രക്രിയ കഴിഞ്ഞ് ഒരുമാസം നിർബന്ധ നിദ്രയിലായിരിക്കും രോഗി. ഒരുമാസത്തിനുശേഷം പുതിയ ശരീരവുമായി ഉണരുന്ന സ്പിരിഡോണോവിന് ചലിക്കാനും സ്പർശിക്കാനും പഴയ ശബ്ദത്തിൽ സംസാരിക്കാനും കഴിയും. ഒരുവർഷത്തിനകം നടക്കാനാകുമെന്നു ഡോ. കനാവെറോ പറയുന്നു.

ആയിരം എലികളുടെ തല മാറ്റിവച്ചിട്ടുള്ള റെൻ ഷിയാവോ പിംഗ് എന്ന ചൈനീസ് ഡോക്ടറും ശസ്ത്രക്രിയയിൽ സഹകരിക്കും.

ഇദ്ദേഹത്തിന്റെ സാന്നിധ്യവും ചൈന യിലെ ഉദാരമായ നിയമവ്യവസ്‌ഥയുമാണു ശസ്ത്രക്രിയ ചൈനയിലാക്കാൻ പ്രേരകം.

<ആ>കൂടിയത് എട്ടുദിവസം

കുരങ്ങ്, നായ,എലി എന്നിവയിൽ തലമാറ്റൽ അഥവാ ഉടൽ മാറ്റൽ നടത്തിയിട്ടുണ്ടെ ങ്കിലും അധികസമയം ജീവിച്ച ചരിത്രമില്ല. എട്ടുദിവസമാണ് ഏറ്റവും കൂടിയ ആയുസ്.

ദക്ഷിണാഫ്രിക്കയിൽ 1970 ൽ കുരങ്ങിൽ നടത്തിയ ശസ്ത്രക്രിയയിലാണ് എട്ടുദിവസം ആയുസ് കണ്ടത്. ആ എട്ടുദിവസ വും സുഷുമ്നാകാണ്ഡം ശരിയായി ചേരാത്തതിനാൽ കുരങ്ങ് തളർന്നു കിടക്കുകയായിരുന്നു. എലികൾ മണിക്കൂറുകളേ ജീവിച്ചിരുന്നുള്ളൂ. ഇതു ചൂണ്ടിക്കാട്ടിയാണു ഡോക്ടർമാരിൽ മഹാഭൂരിപക്ഷവും തലമാറ്റലിനെ എതിർക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.