സിറിയയിൽ ആശുപത്രിക്കു നേരേ വീണ്ടും വ്യോമാക്രമണം
സിറിയയിൽ ആശുപത്രിക്കു നേരേ വീണ്ടും വ്യോമാക്രമണം
Friday, April 29, 2016 12:05 PM IST
ആലപ്പോ: വിമതരുടെ നിയന്ത്രണത്തിലുള്ള ആലപ്പോ നഗരത്തിലെ ആശുപത്രിക്കുനേരേ വെള്ളിയാഴ്ച വ്യോമാക്രമണമുണ്ടായതായി സിവിൽ ഡിഫൻസ് അറിയിച്ചു. ഇതു രണ്ടാം തവണയാണ് ആശുപത്രിക്കെട്ടിടത്തിനുനേരേ വ്യോമാക്രമണം ഉണ്ടാകുന്നത്. അൽ–മൽജയിലുണ്ടായ വ്യോമാക്രമണത്തിൽ ഒരു നഴ്സ് കൊല്ലപ്പെടുകയും നിരവധിപേർക്കു പരിക്കേൽക്കുകയും ചെയ്തതായി വൈറ്റ് ഹെൽമെറ്റ് എന്ന സിവിൽ ഡിഫൻസ് അറിയിച്ചു. അഞ്ചു പേർ മരിച്ചതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. ഗുരുതരരോഗങ്ങൾക്കുള്ള ചികിത്സാവിഭാഗവും ദന്തവിഭാഗവും പ്രവർത്തിക്കുന്ന ആശുപത്രിക്കുനേരേയാണ് വ്യോമാക്രമണം ഉണ്ടായത്.


കഴിഞ്ഞയാഴ്ച അൽ–കുദ്സ് ആശുപത്രിക്കുനേരേയുണ്ടായ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ രണ്ട് നഴ്സുമാരും പെടും. ഈ സംഭവത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി അടക്കമുള്ള നേതാക്കൾ അപലപിച്ചിരുന്നു.

വിമതരും ഭരണകൂടവും തമ്മിൽ സംഘർഷം നിലനിൽകുന്ന ആലപ്പോയിൽ കഴിഞ്ഞയാഴ്ച 200 പേർ കൊല്ലപ്പെട്ടു. റോക്കറ്റുകളും മിസൈലുകളും ഉപയോഗിച്ച് വിമതർ നടത്തുന്ന ആക്രമണത്തെ പ്രതിരോധിക്കാൻ വ്യോമാക്രമണമാണ് ഭരണകൂടം നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.