കർദിനാൾ ഒർട്ടേഗ അതിരൂപതാധ്യക്ഷ സ്‌ഥാനം ഒഴിഞ്ഞു
കർദിനാൾ ഒർട്ടേഗ അതിരൂപതാധ്യക്ഷ സ്‌ഥാനം ഒഴിഞ്ഞു
Wednesday, April 27, 2016 12:23 PM IST
ഹവാന: ക്യൂബയിൽ ഏറെ സ്വാധീനം ചെലുത്തിയ ഹവാന ആർച്ച്ബിഷപ് കർദിനാൾ ഹൈമെ ഒർട്ടേഗ സ്‌ഥാനമൊഴിഞ്ഞു. കമാഗ്വേയിലെ ആർച്ച്ബിഷപ് ഹ്വാൻ ഗാർസ്യ റൊഡ്രീഗസ് ആണു ഹവാനയിലെ പുതിയ ആർച്ച്ബിഷപ്.

ക്യൂബയിൽ സർക്കാർ കഴിഞ്ഞാൽ ഏറ്റവും ശക്‌തമായ സ്‌ഥാപനമായി കത്തോലിക്കാസഭയെ വളർത്തിയശേഷമാണു കർദിനാൾ ഒർട്ടേഗ വിശ്രമജീവിതത്തിലേക്കു പ്രവേശിക്കുന്നത്. 1981–ൽ ആർച്ച്ബിഷപ് ആയ ഇദ്ദേഹം മൂന്നു മാർപാപ്പമാരുടെ ക്യൂബ സന്ദർശനങ്ങൾക്കു നേതൃത്വംകൊടുത്തു. അമേരിക്കയുമായുള്ള ക്യൂബയുടെ ബന്ധം നേരേയാക്കുന്നതിൽ ഫ്രാൻസിസ് മാർപാപ്പയോടു ചേർന്നു നിർണായക പങ്കുവഹിച്ചു. മാർപാപ്പ പ്രസിഡന്റുമാരായ ഒബാമയ്ക്കും റൗൾ കാസ്ട്രോയ്ക്കും എഴുതിയ രഹസ്യകത്തുകൾ എത്തിച്ചുകൊടുത്തതു കർദിനാൾ ഒർട്ടേഗയായിരുന്നു.

കാനൻ നിയമമനുസരിച്ച് 75 വയസ് തികഞ്ഞ 2011–ൽ തന്നെ രാജിനൽകിയെങ്കിലും ഇദ്ദേഹത്തിന്റെ ഔദ്യോഗിക സാന്നിധ്യം ആവശ്യമാണെന്ന വിലയിരുത്തലിൽ അതു സ്വീകരിക്കാതിരുന്നതാണ്. ഈ ഒക്ടോബറിൽ കർദിനാൾ ഒർട്ടേഗയ്ക്ക് 80 വയസ് തികയും.


1964–ൽ വൈദികനായ ഇദ്ദേഹത്തെ പിറ്റേവർഷം കമ്യൂണിസ്റ്റ് ഭരണകൂടം കർഷകത്തൊഴിലാളി ക്യാമ്പിലേക്ക് അയച്ചു. ഒരുവർഷം പട്ടാള നിയന്ത്രണത്തിലുള്ള ക്യാമ്പിൽ പണിയെടുത്തു. 1978–ൽ പിനാർ ഡെൽ റിയോയിൽ മെത്രാനായി. ‘81–ൽ ഹവാന ആർച്ച്ബിഷപ്പായി ഉയർത്തപ്പെട്ടു.

സഭ നിരോധിക്കപ്പെട്ട, സഭാസ്വത്തുക്കൾ കണ്ടുകെട്ടപ്പെട്ട ക്യൂബയിൽ സഭയ്ക്ക് ഔദ്യോഗികമായി പ്രവർത്തനാനുമതി ലഭിച്ചപ്പോൾ ഡസൻകണക്കിനു ദേവാലയങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്‌ഥാപിക്കുകയും പുനർനിർമിക്കുകയും ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ സാമൂഹ്യസേവന പ്രസ്‌ഥാനമായ കാരിത്താസ് ക്യൂബയ്ക്കു തുടക്കമിട്ടതും ഇദ്ദേഹംതന്നെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.