ട്രംപിനും ഹില്ലരിക്കും പ്രതീക്ഷ
ട്രംപിനും ഹില്ലരിക്കും പ്രതീക്ഷ
Tuesday, April 26, 2016 12:04 PM IST
വാഷിംഗ്ടൺ: സ്‌ഥാനാർഥിത്വത്തിലേക്ക് ശക്‌തമായ മുന്നേറ്റം തുടരുന്ന ന്യൂയോർക്കുകാരായ ഡൊണാൾഡ് ട്രംപും ഹില്ലരി ക്ലിന്റനും കുതിപ്പു തുടരുമെന്നു പ്രതീക്ഷ. കിഴക്കൻ തീരത്തെ അഞ്ചു പ്രൈമറികളിൽ റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ട്രംപ് മുന്നിട്ടുനിൽക്കുമെന്നാണു അഭിപ്രായ സർവേ നൽകുന്ന സൂചന. ഇപ്പോൾത്തന്നെ ശക്‌തമായ പിന്തുണ സ്വന്തമാക്കിയിട്ടുള്ള ഡെമോക്രാറ്റ് ഹില്ലരിയും പിന്നോട്ടുപോകില്ലെന്നുതന്നെയാണു വിലയിരുത്തൽ.

ഇതേസമയം, അഞ്ചു പ്രൈമറികളിലും ട്രംപിനു ഭൂരിപക്ഷ പിന്തുണ ലഭിക്കാൻ സാധ്യതയില്ലെന്നാണു രാഷ്ട്രീയ നിരീക്ഷണം. പെൻസിൽവാനിയ, മേരിലാൻഡ്, കണക്ടിക്കറ്റ്, ഡെലാവേർ, റോഡ് ഐലൻഡ് എന്നിവയാണ് പ്രൈമറികൾ.

നിലവിൽ മുന്നിട്ടുനിൽക്കുകയാണെങ്കിലും സ്‌ഥാനാർഥിത്വം ഉറപ്പാക്കാൻ ആവശ്യമായ 1237 ഡെലിഗേറ്റുകളുടെ പിന്തുണ ട്രംപിനില്ല. ഇതുവരെ 845 ഡെലിഗേറ്റുകളാണു ട്രംപിന്റെ പിന്നിലുള്ളത്. ടെക്സസിൽനിന്നുള്ള സെനറ്റർ ടെഡ് ക്രൂസാണ് തൊട്ടുപിന്നിൽ. അദ്ദേഹത്തിന് 559 ഡെലിഗേറ്റുകളുടെ പിന്തുണയുണ്ട്. ട്രംപ് റിപ്പബ്ലിക്കൻ സ്‌ഥാനാർഥിയാകുന്നതു തടയാൻ ക്രൂസിനോടൊപ്പം ധാരണയിലെത്തിയിരിക്കുന്ന ഗവർണർ ജോൺ കാസിക്ക് ഏറെ പിന്നിലാണ്. 148 ഡെലിഗേറ്റുകളുടെ പിന്തുണമാത്രം.


ഏതായാലും ജൂലൈയിൽ നടക്കുന്ന ക്ലീവ്ലൻഡ് റിപ്പബ്ലിക്കൻ കൺവൻഷനിലേക്കു ക്രൂസിനും കാസിക്കും 1237 ഡെലിഗേറ്റുകളുടെ പിന്തുണ ലഭിക്കുമെന്ന് ഇപ്പോൾ കരുതാനാവില്ല. ട്രംപ് പ്രസിഡന്റ് സ്‌ഥാനാർഥിയായാൽ ഡെമോക്രാറ്റ് സ്‌ഥാനാർഥിക്കു വളരെയെളുപ്പം തോൽപ്പിക്കാനാവുമെന്നാണു ക്രൂസും കാസിക്കും അഭിപ്രായപ്പെട്ടത്. എന്നാൽ, ക്ലീവ്ലൻഡ് കൺവൻഷന്റെ ആദ്യറൗണ്ടിൽത്തന്നെ 1237 ഡെലിഗേറ്റുകളുടെ പിന്തുണയുമായി താൻ സ്‌ഥാനാർഥിയാവുമെന്ന് ട്രംപ് അവർക്ക് മറുപടി നൽകി.

ഇതേസമയം, ഡെമോക്രാറ്റിക് പാർട്ടിയിൽ ഹില്ലരി ക്ലിന്റൺ ഇതുവരെ 1428 ഡെലിഗേറ്റുകളുടെ വോട്ടുനേടിക്കഴിഞ്ഞു. 1153 ഡെലിഗേറ്റുകളുടെ വോട്ടുമായി സെനറ്റർ ബേണി സാൻഡേഴ്സാണ് ഹില്ലരിയുടെ തൊട്ടുപിന്നിൽ. എന്നാൽ പാർട്ടിയുടെ മുഖ്യ ഭാരവാഹികളുടെ പിന്തുണയുണ്ടെന്നതാണ് ഹില്ലരിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.