250 യുഎസ് സൈനികർ സിറിയയിലേക്ക്
Monday, April 25, 2016 12:12 PM IST
ഹാനോവർ: ഐഎസിനെ നേരിടാൻ സിറിയൻ വിമതരെ സഹായിക്കുന്നതിനായി 250 യുഎസ് സ്പെഷൽ ഫോഴ്സ് സൈനികരെ അയയ്ക്കുമെന്നു പ്രസിഡന്റ് ഒബാമ അറിയിച്ചു. നിലവിൽ അവിടെയുള്ള 50 സ്പെഷൽ സേനാംഗങ്ങൾക്കു പുറമേയാണിത്.

യുഎസ് സൈനികർ നേരിട്ടു യുദ്ധത്തിൽ പങ്കെടുക്കില്ലെന്നും വിമതർക്കു പരിശീലനം നൽകുകയും ഐഎസിനെ പരാജയപ്പെടുത്തുന്നതിനുമുള്ള സഹായ സഹകരണം നൽകുകയും ചെയ്യുമെന്നു ജർമൻ സന്ദർശനത്തിനെത്തിയ ഒബാമ ഹാനോവർ നഗരത്തിൽ റിപ്പോർട്ടർമാരോടു പറഞ്ഞു.

അസാദിനെ താഴെയിറക്കാൻ കരസേനയെ വിന്യസിക്കില്ലെന്നും നയതന്ത്രനീക്കങ്ങളിലാണു ശ്രദ്ധയൂന്നുകയെന്നും ബ്രിട്ടനിലെ സന്ദർശനത്തിനിടെ ബിബിസിക്കു നൽകിയ അഭിമുഖത്തിൽ ഒബാമ വ്യക്‌തമാക്കിയിരുന്നു.


എട്ടാഴ്ചയായി സിറിയയിൽ വെടിനിർത്തൽ തുടരുന്നുണ്ടെങ്കിലും വിമതരും അസാദിന്റെ സൈനികരും ഇടയ്ക്കിടയ്ക്കു പോരാട്ടം തുടരുന്നുണ്ട്. ആലപ്പോ നഗരത്തിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ നടന്ന പോരാട്ടങ്ങളിൽ 60 പേർ കൊല്ലപ്പെട്ടത് വെടിനിർത്തലിന്റെ ഭാവിയെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്.

ആംഗല മെർക്കലുമായി സിറിയൻ പ്രശ്നം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഒബാമ ചർച്ച ചെയ്തു. ബ്രിട്ടീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ നേതാക്കളും ചർച്ചയിൽ പങ്കു ചേർന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.