പാനമ രേഖകൾ: ഷരീഫിനെതിരേ പ്രതിപക്ഷ ഐക്യം
Saturday, April 23, 2016 12:04 PM IST
ഇസ്ലാമാബാദ്: പാനമ രേഖകളുടെ പേരിൽ പാക്കിസ്‌ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെതിരേ പ്രതിപക്ഷം ഒന്നിക്കുന്നു. ഷരീഫിനെതിരേയുള്ള നീക്കങ്ങൾ ഏകോപിപ്പിക്കാൻ ദേശീയ അസംബ്ലിയിലെ പ്രതിപക്ഷനേതാവ് ഖുർഷിദ് ഷാ ജമാ അത് ഇസ്ലാമി തലവൻ സിറാജുൾ ഹഖിനെയും തെഹ് രീക് ഇ ഇൻസാഫിന്റെ ഷാ മുഹമ്മദ് ഖുറേഷിയെയും കഴിഞ്ഞദിവസം ഫോണിൽ വിളിച്ചു. അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിക്ക് സർക്കാർ കത്ത് അയക്കണമെന്ന് ജമാ അത് തലവൻ ചർച്ചയിൽ ആവശ്യപ്പെട്ടു. സർക്കാർ ആവശ്യപ്പെട്ടാൽ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാക്കൾ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് കത്തയയ്ക്കുകയും ചെയ്തു.


പാനമ രേഖകൾ സംബന്ധിച്ച് അന്വേഷണം നടത്താമെന്നും കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ രാജിവയ്ക്കാമെന്നും ഷരീഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അതേസമയം നവാസ് ഷരീഫും സൈനിക നേതൃത്വവും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷമായിരിക്കുകയാണ്. പ്രധാനമന്ത്രിയെന്ന നിലയിൽ തന്നെ അസ്‌ഥിരപ്പെടുത്താൻ ശ്രമം നടക്കുന്നതായി നവാസ് ഷരീഫ് കുറ്റപ്പെടുത്തുന്നു.

സൈനികമേധാവി റഹീൽ ഷരീഫിന് ടെലിവിഷനിലൂടെ പ്രധാനമന്ത്രി മറുപടി നൽകുകയും ചെയ്തു. ദൈവത്തോടും ജനങ്ങളോടും മാത്രമേ തനിക്ക് ഉത്തരവാദിത്വമുള്ളൂവെന്നാണ് അദ്ദേഹം പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.