മുഷാറഫ് ഹാജരാക്കിയത് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ്
മുഷാറഫ് ഹാജരാക്കിയത് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ്
Friday, April 22, 2016 12:20 PM IST
ഇസ്ലാമാബാദ്: ജഡ്ജിമാരെ തടഞ്ഞുവച്ച കേസിൽ കോടതിയിൽ ഹാജരാവുന്നതിൽനിന്ന് ഒഴിവു നൽകണമെന്ന മുൻ സൈനിക ഭരണാധികാരി പർവേസ് മുഷാറഫിന്റെ അപേക്ഷ റാവൽപ്പിണ്ടിയിലെ ഭീകരവിരുദ്ധ കോടതി തള്ളി. മുഷാറഫ് നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും കോടതി നിരീക്ഷിച്ചു. മാർച്ചിൽത്തന്നെ വിദഗ്ധ ചികിത്സയ്ക്കെന്നു പറഞ്ഞ് മുഷാറഫ് രാജ്യം വിട്ടു. ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റ് ഏപ്രിലിലെ തീയതിയിലുള്ളതാണ്.

കഴിഞ്ഞ ഒന്നരവർഷമായി മുഷാറഫ് കോടതിയിൽ ഹാജരാവാതെ ഒഴിഞ്ഞുമാറുകയാണെന്നു ജഡ്ജി സൊഹയിൽ അക്രം ചൂണ്ടിക്കാട്ടി. അടുത്ത ഹിയറിംഗ് വച്ചിരിക്കുന്ന മേയ് 20നു മുഷാറഫിനെ ഹാജരാക്കാൻ നടപടി എടുക്കണമെന്ന് ഇസ്ലാമാബാദ് പോലീസ് ഐജിയോടു കോടതി നിർദേശിച്ചു.


2007ൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചശേഷം 60 സീനിയർ ജഡ്ജിമാരെ മുഷാറഫ് അവരവരുടെ വീടുകളിൽ തടങ്കലിലാക്കിയെന്നാണു കേസ്. ഭരണഘടന അട്ടിമറിച്ച് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചതിനു മുഷാറഫിനെതിരേ രാജ്യദ്രോഹക്കേസും നിലവിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.