കരസേനാ തലവനെ തൂക്കിലേറ്റി
കരസേനാ തലവനെ തൂക്കിലേറ്റി
Thursday, February 11, 2016 12:14 AM IST
സിയൂള്‍: അഴിമതിക്കുറ്റം ആരോപിച്ച് കരസേനാ തലവനെ (കൊറിയന്‍ പീപ്പിള്‍സ് ആര്‍മി-കെപിഎ) ഉത്തരകൊറിയന്‍ സര്‍ക്കാര്‍ തൂക്കിലേറ്റി. ജനറല്‍ റി യോംഗ് ഗില്ലിനെ തൂക്കിലേറ്റിയ വിവരം ദക്ഷിണകൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ് പരസ്യമാക്കിയത്. ഉത്തരകൊറിയയിലെ ആഭ്യന്തരകാര്യങ്ങളുമായി അടുത്ത ബന്ധമുള്ളവരെ ഉദ്ധരിച്ചാണ് കിം ജോംഗ് ഉന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ ക്രൂരത അവര്‍ പുറത്തുവിട്ടത്.

ഞായറാഴ്ച മിസൈല്‍ സാങ്കേതികവിദ്യയുള്ള റോക്കറ്റിന്റെ വിജയകരമായ പരീക്ഷണത്തോടെ മേഖലയില്‍ സംഘര്‍ഷം കനപ്പെട്ടിരിക്കുകയാണ്. ഉത്തരകൊറിയക്കെതിരേ ഉപരോധത്തിന് ജപ്പാന്‍ തീരുമാനിച്ചുകഴിഞ്ഞു.

അമേരിക്കയും ഇതിനുള്ള ആലോചനകളിലാണ്. ഇതിനിടെയാണ് കരസേനാ തലവനെ തൂക്കിലേറ്റിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. സൈനിക പരിശോധനകള്‍ നടക്കുമ്പോള്‍ കിമ്മിനെ പലപ്പോഴും അനുഗമിക്കാറുള്ള ഉദ്യോഗസ്ഥനാണ് റി യോംഗ്. എന്നാല്‍ സമീപദിവസം നടന്ന പ്രധാനപ്പെട്ട പാര്‍ട്ടി യോഗത്തിലും മിസൈല്‍ വിക്ഷേപണത്തിന്റെ വിജയാഘോഷത്തിലും റിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. സൈന്യത്തിലെ തന്റെ പിടിയയുന്നുവെന്ന ഭീതിയാണ് സൈന്യാധിപനെ തൂക്കിലേറ്റുന്നതിലേക്ക് കിമ്മിനെ നയിച്ചതെന്ന് കരുതുന്നു. 2013 ഓഗസ്റിലാണ് ജനറല്‍ റി യോംഗ് ഗില്‍ സൈനിക മേധാവിയായി ചുമതലയേറ്റത്. 2014 മുതല്‍ കിമ്മുമായുള്ള ബന്ധം വഷളായതായാണ് റിപ്പോര്‍ട്ടുകള്‍. പിതാവ് കിം ജോംഗ് ഇലിന്റെ മരണത്തെത്തുടര്‍ന്ന് 2011 ഡിസംബറിലാണ് കിം അധികാരത്തിലെത്തിയത്. സൈന്യത്തിലെ അധികാരം ഉറപ്പിക്കുന്നതിന് നിരവധി മുതിര്‍ന്ന ഓഫീസര്‍മാരാണ് ഇതിനുശേഷം വധിക്കപ്പെട്ടത്. ഇതില്‍ ഏറ്റവും പ്രമുഖം അമ്മാവനായ ചാംഗ് സോംഗ് തായെകിനെ കൊലപ്പെടുത്തിയതായിരുന്നു. 2013 ഡിസംബറിലായിരുന്നു ഇത്. വഞ്ചനക്കുറ്റം ചുമത്തിയായിരുന്നു കൊലപാതകം.


അനാദരവ് കാണിച്ചു എന്നാരോപിച്ചു പിന്നീട് പ്രതിരോധ മന്ത്രിയായിരുന്ന ജനറല്‍ ഹ്യോന്‍ യോംഗ് ഷോളിനെയും വധിച്ചു. വിമാനവേധത്തോക്ക് ഉപയോഗിച്ചായിരുന്നു കൊലപാതകം.

അതേസമയം ജനറല്‍ റി യോംഗ് ഗില്ലിനെ തൂക്കിലേറ്റിയെന്ന റിപ്പോര്‍ട്ടിനോടു പ്രതികരിക്കാന്‍ സിയൂളിലെ നാഷണല്‍ ഇന്റലിജന്‍സ് സര്‍വീസ് (എന്‍ഐഎസ്) വിസമ്മതിച്ചു.

സീരിയല്‍ കണ്ടാലും ഉറങ്ങിയാലും തലപോകും

ദക്ഷിണകൊറിയന്‍ ടിവി സീരിയല്‍ കണ്ടാലും പട്ടാളറാലിക്കിടയില്‍ ഉറങ്ങിയാലും തലപോകും. അതാണ് ഉത്തരകൊറിയന്‍ സൈനിക ഓഫീസര്‍മാരുടെ വിധി.

2011-ല്‍ അധികാരത്തിലെത്തിയ കിം ജോംഗ് ഉന്‍ ഇതിനകം എഴുപതിലേറെ പ്രമുഖ ഓഫീസര്‍മാരെ വധിച്ചിട്ടുണ്ട്. ഏറ്റവും ക്രൂരമായത് സ്വന്തം അമ്മാവന്റെ വധമാണ്. അമ്മാവന്‍ ജാംഗ് സോംഗ് തയേകിനെ 120 പട്ടികളുള്ള ഒരു കൂട്ടിലേക്ക് ഇട്ടാണ് കൊന്നത്. ദിവസങ്ങളായി വിശന്നു നിന്ന പട്ടികള്‍ തന്നെ അധികാരത്തില്‍ പ്രതിഷ്ഠിച്ച മുന്‍ ഉപമേധാവിയെ കടിച്ചുകീറുന്നതു കിം കണ്ടുരസിച്ചു.

കഴിഞ്ഞവര്‍ഷം മേയില്‍ പ്രതിരോധമന്ത്രി ഹ്യോണ്‍ യോംഗ് ചോലിനെ കൊന്നത് ഒരു റാലിക്കിടെ ഉറങ്ങിയതിനാണ്. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍സ് മേധാവി ജനറല്‍ പ്യോണ്‍ ഇന്‍ സോണിനെ വധിച്ചത് ഒരു വിഷയത്തില്‍ കിമ്മിനോടു വിയോജിപ്പ് പ്രകടിപ്പിച്ചതിനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.