അഭയാര്‍ഥി ബോട്ടുകള്‍ മുങ്ങി 35 മരണം
Tuesday, February 9, 2016 11:07 PM IST
ഈസ്റാംബൂള്‍ : തുര്‍ക്കിയില്‍നിന്നു ഗ്രീസിലേക്കു പോയ അഭയാര്‍ഥികളുടെ ബോട്ടുകള്‍ ഈജിയന്‍ കടലില്‍ മുങ്ങി 35 പേര്‍ മരിച്ചു. ബലിക്കേസിര്‍ പ്രവിശ്യയിലുണ്ടായ ബോട്ടപകടത്തില്‍ 24 പേരും ഇസിമിറിലുണ്ടായ അപകടത്തില്‍ 11 പേരുമാണു മരിച്ചത്. ഗ്രീക്ക് ദ്വീപായ ലെസ്ബോസിലേക്കു പോയ സിറിയന്‍ അഭയാര്‍ഥികളായിരുന്നു ബോട്ടുകളിലുണ്ടായിരുന്നത്. ഏതാനും പേരെ തുര്‍ക്കി തീരസംരക്ഷണസേന രക്ഷപ്പെടുത്തി.

അഭയാര്‍ഥി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ അങ്കാറയില്‍ എത്തിയ അവസരത്തിലാണു ദുരന്തം. യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം കുറയ്ക്കുന്നതു സംബന്ധിച്ച് തുര്‍ക്കി അധികൃതരുമായി അവര്‍ ചര്‍ച്ച നടത്തും. സിറിയയില്‍നിന്നുള്ള അഭയാര്‍ഥികള്‍ ആദ്യം എത്തുന്നത് തുര്‍ക്കിയിലാണ്. രണ്ടരലക്ഷത്തോളം അഭയാര്‍ഥികള്‍ ഇപ്പോള്‍ തുര്‍ക്കിയില്‍ ഉണ്െടന്നാണു കണക്ക്. അഭയാര്‍ഥികളുടെ സംരക്ഷണത്തിനായി യൂറോപ്യന്‍ യൂണിയന്‍ മൂന്നുകോടി ഡോളര്‍ തുര്‍ക്കിക്കു നല്‍കും.


അഭയാര്‍ഥികളെ തുര്‍ക്കിയില്‍ നിലനിര്‍ത്തുന്നതിനുള്ള ആദ്യപടിയെന്ന നിലയില്‍ അവര്‍ക്കു വര്‍ക്ക് പെര്‍മിറ്റ് നല്‍കാന്‍ തുര്‍ക്കി അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. മനുഷ്യക്കള്ളക്കടത്ത് തടയാനായി കടലില്‍ പട്രോളിംഗ് ശക്തമാക്കും.

ഇതിനിടെ സിറിയന്‍ സൈന്യം വളഞ്ഞ ആലപ്പോയില്‍നിന്ന് തുര്‍ക്കി അതിര്‍ത്തിയിലേക്ക് ജനങ്ങള്‍ കൂട്ടപ്പലായനം തുടരുകയാണ്. ആലപ്പോയില്‍ റഷ്യന്‍ യുദ്ധവിമാനങ്ങളും ആക്രമണം നടത്തി. 40 സിവിലിയന്മാര്‍ കൊല്ലപ്പെട്ടെന്നാണു റിപ്പോര്‍ട്ട്.

അഭയാര്‍ഥികള്‍ക്കായി ആലപ്പോ അതിര്‍ത്തി തുറന്നുകൊടുക്കാന്‍ തുര്‍ക്കിയുടെ മേല്‍ സമ്മര്‍ദമുണ്ട്. ആലപ്പോയിലെ റഷ്യന്‍ വ്യോമാക്രമണത്തെ തുര്‍ക്കി പ്രധാനമന്ത്രി ദവ്ടോഗ്ളുവും ജര്‍മന്‍ ചാന്‍സലര്‍ മെര്‍ക്കലും അപലപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.