കൃതജ്ഞതയുടെ നറുമലരുമായി മാര്‍പാപ്പ റോമിലെ ബസിലിക്കയില്‍
കൃതജ്ഞതയുടെ നറുമലരുമായി മാര്‍പാപ്പ റോമിലെ ബസിലിക്കയില്‍
Wednesday, December 2, 2015 12:07 AM IST
വത്തിക്കാന്‍സിറ്റി: ആഫ്രിക്കന്‍ പര്യടനം വിജയകരമായി പൂര്‍ത്തിയാക്കി റോമില്‍ തിരിച്ചെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ, റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലെത്തി മാതാവിന്റെ തിരുസ്വരൂപത്തിനു മുന്നില്‍ ഏറെ നേരം മൌനമായി പ്രാര്‍ഥിച്ചു.

റോമിലെ സിയാംപിനോ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ മാര്‍പാപ്പ നേരെ ബസിലിക്കയിലേക്കാണു പോയത്. മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടശേഷം അദ്ദേഹം ഇതിനകം 28 തവണ ഈ ബസിലിക്കയിലെത്തി പ്രാര്‍ഥന നടത്തിയിട്ടുണ്ട്.

കെനിയ, ഉഗാണ്ട, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ളിക് എന്നീ രാജ്യങ്ങളിലാണ് മാര്‍പാപ്പ സന്ദര്‍ശനം നടത്തിയത്. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ളിക്കിന്റെ തലസ്ഥാനമായ ബാങ്കുയിയില്‍നിന്നു വത്തിക്കാനിലേക്കുള്ള മടക്കയാത്രയില്‍ വിമാനത്തില്‍ പത്രലേഖകരുടെ ചോദ്യങ്ങള്‍ക്കു മാര്‍പാപ്പ മറുപടി പറഞ്ഞു.


പരിസ്ഥിതി പ്രശ്നത്തിന്റെ ഗൌരവത്തെക്കുറിച്ച് പാരീസ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഉറച്ച ബോധ്യമുണ്െടന്നും ഇപ്രാവശ്യം കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും നടപടിയുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നതായും ഒരു ചോദ്യത്തിനുത്തരമായി ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

എല്ലാ മതങ്ങളിലും കാണുന്ന തിന്മയാണ് മതമൌലികവാദമെന്ന് അദ്ദേഹം പറഞ്ഞു. മതമൌലിക വാദം മതമല്ല, പ്രത്യുത ഒരുതരം വിഗ്രഹാരാധനയാണ്. ദൈവത്തിലുള്ള വിശ്വാസം, സഹജീവികളോടുള്ള സ്നേഹം എന്നിവയുടെ സ്ഥാനം ചില ആശയങ്ങളും തെറ്റായ തീര്‍ച്ചകളും കൈയടക്കുന്ന അവസ്ഥയാണിതെന്ന് അദ്ദേഹം പറഞ്ഞു. ബാന്‍ഗുയിയിലെ മോസ്ക് സന്ദര്‍ശിച്ചതും ഒരു ഇമാമിനോടൊപ്പം പോപ്പ്മൊബീലില്‍ സഞ്ചരിച്ചതും ഫ്രാന്‍സിസ് മാര്‍പാപ്പ പത്രസമ്മേളനത്തില്‍ അനുസ്മരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.