തുര്‍ക്കിക്കെതിരേ യുദ്ധത്തിനു പദ്ധതിയില്ലെന്നു റഷ്യ
തുര്‍ക്കിക്കെതിരേ യുദ്ധത്തിനു പദ്ധതിയില്ലെന്നു റഷ്യ
Thursday, November 26, 2015 11:41 PM IST
മോസ്കോ: റഷ്യന്‍ യുദ്ധവിമാനം വീഴ്ത്തിയ തുര്‍ക്കിയുടെ നടപടി പ്രകോപനപരമാണെങ്കിലും തുര്‍ക്കിയുമായി യുദ്ധത്തിനില്ലെന്ന് റഷ്യ വ്യക്തമാക്കി. നാറ്റോ സഖ്യ രാജ്യമായ തുര്‍ക്കിയുമായുള്ള സംഘര്‍ഷം യുദ്ധത്തിലേക്കു നീങ്ങിയേക്കുമെന്ന ആശങ്കയ്ക്ക് ഇതോടെ വിരാമമായി.

തുര്‍ക്കിയുടെ മിസൈലേറ്റ റഷ്യന്‍ വിമാനത്തിന്റെ പൈലറ്റുമാരിലൊരാളെ ജീവനോടെ രക്ഷിച്ചതായി റഷ്യ അറിയിച്ചു. രണ്ടു പൈലറ്റുമാരാണ് റഷ്യയുടെ സുഖോയി 24 വിമാനത്തില്‍നിന്നു പാരച്യൂട്ടില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഒരാള്‍ ഭീകരരുടെ വെടിയേറ്റു മരിച്ചു. ഇദ്ദേഹത്തിന്റെ മൃതദേഹം വീണ്െടടുക്കാനായില്ല. മറ്റേ പൈലറ്റിനെ സിറിയന്‍ സൈനികരും റഷ്യന്‍ സൈനികരും വിമതമേഖലയില്‍ കടന്നുചെന്നു രക്ഷിക്കുകയായിരുന്നു.

ഇന്നലെ റഷ്യന്‍ വിദേശകാര്യമന്ത്രി ലാവ്റോവ് തുര്‍ക്കി വിദേശകാര്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു.

തുര്‍ക്കിയുമായി യുദ്ധം ചെയ്യാന്‍ പദ്ധതിയില്ലെന്നും തുര്‍ക്കി ജനതയോടുള്ള മനോഭാവത്തില്‍ മാറ്റംവന്നിട്ടില്ലെന്നും ലാവ്റോവ് പിന്നീടു മോസ്കോയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ തുര്‍ക്കിയുമായുള്ള ബന്ധം പുന:പ്പരിശോധനയ്ക്കു വിധേയമാക്കും. തുര്‍ക്കിയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ റഷ്യക്കാര്‍ക്കു നിര്‍ദേശം നല്‍കിക്കഴിഞ്ഞു. അങ്കാറയുമായുള്ള സാമ്പത്തിക ഇടപാടുകളും പുനപ്പരിശോധിക്കും.

റഷ്യന്‍ യുദ്ധവിമാനം മിസൈല്‍പ്രയോഗിച്ചു വീഴ്ത്തിയത് മുന്‍കൂട്ടി ആലോചിച്ചു നടപ്പാക്കിയ പദ്ധതിയായിരുന്നുവെന്ന് റഷ്യന്‍ അധികൃതര്‍ ആരോപിച്ചു. തുര്‍ക്കി വ്യോമമേഖലയില്‍ കടന്നുവെന്ന് ആരോപിച്ചാണ് വിമാനത്തിനു നേരേ തുര്‍ക്കി മിസൈല്‍ പ്രയോഗിച്ചത്. റഷ്യന്‍ വിമാനം സിറിയയിലാണു വീണത്. ഐഎസ് ഭീകരരുടെ എണ്ണവാഹനങ്ങള്‍ റഷ്യ തകര്‍ത്തതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായതെന്നും തുര്‍ക്കി ഭരണകൂടത്തിലെ ചിലര്‍ക്ക് ഐഎസുമായി വാണിജ്യബന്ധം ഉണ്െടന്നും റഷ്യ ആരോപിച്ചു. ഭീകരരുടെ കൂട്ടാളിയായി മാറിയ തുര്‍ക്കി പിന്നില്‍നിന്നു കുത്തുകയായിരുന്നുവെന്ന് നേരത്തേ പുടിന്‍ പ്രതികരിച്ചു.

വിമാനം വീഴ്ത്തിയ സംഭവം കൂടുതല്‍ ആളിക്കത്തിക്കാനില്ലെന്നാണു തുര്‍ക്കിയുടെ നിലപാട്. തുര്‍ക്കിയുടെ വ്യോമാതിര്‍ത്തി സംരക്ഷിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നു പ്രസിഡന്റ് എര്‍ദോഗന്‍ ഈസ്റാംബൂളില്‍ പറഞ്ഞു. തുര്‍ക്കിയുടെ വ്യോമാതിര്‍ത്തി ലംഘിച്ച റഷ്യന്‍ വിമാനത്തിന്റെ പൈലറ്റിന് അഞ്ചു മിനിറ്റിനുള്ളില്‍ പത്തുതവണ മുന്നറിയിപ്പു നല്‍കിയിരുന്നുവെന്നും തുര്‍ക്കി വ്യക്തമാക്കി. സിറിയന്‍ വ്യോമാതിര്‍ത്തിയില്‍നിന്നു റഷ്യന്‍ വിമാനം പുറത്തുപോയിട്ടില്ലെന്നാണ് റഷ്യയുടെ അവകാശവാദം.


രണ്ടു റഷ്യന്‍ വിമാനങ്ങള്‍ രണ്ടു കിലോമീറ്റര്‍ ദൂരംവരെ തുര്‍ക്കിക്കുള്ളില്‍ കടന്നുവെന്നും ഒരെണ്ണം വീഴ്ത്തിയപ്പോള്‍ രണ്ടാമത്തെ വിമാനം അതിര്‍ത്തികടന്നു പുറത്തുപോയെന്നും യുഎന്നിലെ തുര്‍ക്കി അംബാസഡര്‍ രക്ഷാസമിതിക്കു നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. നാറ്റോ സഖ്യാംഗമായ തുര്‍ക്കിക്ക് സ്വന്തം അതിര്‍ത്തികള്‍ ഭദ്രമാക്കാന്‍ അവകാശമുണ്െടന്നു യുഎസ് പ്രസിഡന്റ് ഒബാമ പറഞ്ഞു. എന്നാല്‍ സംഘര്‍ഷം വളരാന്‍ അനുവദിക്കരുതെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

തുര്‍ക്കിയെ നേരിടാന്‍ റഷ്യന്‍ മിസൈലുകള്‍

മോസ്കോ: സിറിയയില്‍ ഐഎസിനെതിരേ ആക്രമണം നടത്തിയ റഷ്യന്‍ യുദ്ധവിമാനം വെടിവച്ചിട്ട തുര്‍ക്കിയുടെ നടപടിയെത്തുടര്‍ന്ന് സിറിയയിലേക്ക് അത്യാധുനിക എസ്-400 മിസൈല്‍ സിസ്റം അയയ്ക്കാന്‍ പ്രസിഡന്റ് പുടിന്‍ ഉത്തരവിട്ടു. തുര്‍ക്കിയില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ സിറിയയിലെ ലടാക്കിയ തുറമുഖ നഗരത്തിലെ ഹെമയ്മീം വ്യോമത്താവളത്തിലാവും മിസൈലുകള്‍ വിന്യസിക്കുക.

ദീര്‍ഘദൂര മിസൈലുകള്‍ ഘടിപ്പിച്ച മോസ്ക്വാ എന്ന യുദ്ധക്കപ്പലും ലടാക്കിയയില്‍ നങ്കൂരമിട്ടു. കപ്പല്‍വേധ മിസൈലുകളും ടോര്‍പ്പിഡോകളും ഇതിലുണ്ട്. കൂടാതെ 150 കിലോമീറ്റര്‍ പരിധിയിലുള്ള വിമാനങ്ങളും മറ്റും തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലുകളും മോസ്ക്വായിലുണ്ട്. ലടാക്കിയയില്‍നിന്നു ദക്ഷിണ തുര്‍ക്കി മേഖലയിലുള്ള ഏതു വിമാനവും മിസൈലും തകര്‍ക്കാന്‍ മോസ്ക്വായിലെ മിസൈലുകള്‍ക്കാവും. തുര്‍ക്കിയുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇനി മുതല്‍ സിറിയയില്‍ പറക്കുന്ന എല്ലാ ബോംബര്‍ വിമാനങ്ങള്‍ക്കും അകമ്പടിയായി ഫൈറ്റര്‍ വിമാനങ്ങളും അയയ്ക്കുമെന്ന് പ്രതിരോധമന്ത്രി സെര്‍ജി ഷോയിഗു അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.