ക്ളോക്ക് ബാലന്‍ ചോദിക്കുന്നത് ഒന്നരക്കോടി ഡോളര്‍ നഷ്ടപരിഹാരം
ക്ളോക്ക് ബാലന്‍ ചോദിക്കുന്നത് ഒന്നരക്കോടി ഡോളര്‍ നഷ്ടപരിഹാരം
Wednesday, November 25, 2015 11:34 PM IST
വാഷിംഗ്ടണ്‍: സ്വന്തമായി നിര്‍മിച്ചു സ്കൂളില്‍ കൊണ്ടുവന്ന ക്ളോക്ക് ബോംബാണെന്നു തെറ്റിദ്ധരിച്ച് അധ്യാപകര്‍ പോലീസിനെക്കൊണ്ട് അറസ്റു ചെയ്യിപ്പിച്ച ബാലന്‍ സ്കൂളിനും നഗരാധികൃതര്‍ക്കും എതിരേ ഒന്നരക്കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചു.

ടെക്സസിലെ ഇര്‍വിംഗിലെ മക്ആര്‍ഥര്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിയായ അഹമ്മദ് മുഹമ്മദാണ് സ്കൂളിനും ഇര്‍വിംഗ് നഗരത്തിനും എതിരേ കേസിനു പോകുന്നത്. സ്വന്തമായി നിര്‍മിച്ച ക്ളോക്ക് അധ്യാപകനെ കാണിക്കാന്‍ എത്തിയപ്പോഴാണ് അഹമ്മദിന് ദുരനുഭവമുണ്ടായത്. ഇതു ബോംബാണെന്നു തെറ്റിദ്ധരിച്ച അധ്യാപകന്‍ പോലീസിനെ വിവരം അറിയിക്കുകയും പോലീസെത്തി വിദ്യാര്‍ഥിയെ വിലങ്ങുവയ്ക്കുകയുമായിരുന്നു. 14കാരനായ വിദ്യാര്‍ഥിയെ വിലങ്ങുവച്ച സംഭവം രാജ്യത്തു വലിയ കോളിളക്കമുണ്ടാക്കി. ക്ളോക്കുമായി വൈറ്റ് ഹൌസിലെത്താന്‍ പ്രസിഡന്റ് ഒബാമ അഹമ്മദിനെ ക്ഷണിച്ചു. അഹമ്മദിനു പിന്തുണയുമായി ഒട്ടേറെ പ്രമുഖരും രംഗത്തെത്തി.


സ്കൂള്‍ അധികൃതര്‍ പിന്നീട് വിശദീകരണവുമായി രംഗത്തെത്തിയെങ്കിലും അഹമ്മദ് അവിടത്തെ പഠനം അവസാനിപ്പിക്കുകയായിരുന്നു. സുഡാനില്‍നിന്നു ഡാളസില്‍ കുടിയേറിയതാണ് അഹമ്മദിന്റെ കുടുംബം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.