ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ സിംഗപ്പൂരിനോടു മോദി
ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ സിംഗപ്പൂരിനോടു മോദി
Wednesday, November 25, 2015 11:31 PM IST
സിംഗപ്പൂര്‍: ഇന്ത്യയിലെ പൊതുമേഖലാസ്ഥാപനങ്ങളില്‍ നിക്ഷേപം നടത്താനും രാജ്യത്ത് ഇരുപതു സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മിക്കാനും സിംഗപ്പൂര്‍ കമ്പനികളോടു പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യര്‍ഥിച്ചു. സിംഗപ്പൂര്‍ മോഡലില്‍ നിരവധി പട്ടണങ്ങള്‍ ഇന്ത്യയില്‍ ഉണ്ടാക്കുകയാണു ലക്ഷ്യമെന്നും മോദി പറഞ്ഞു.

സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിന്‍ ലുംഗുമായും പ്രസിഡന്റ് ടോണി ടാന്‍ കെംഗുമായും അദ്ദേഹം ഇന്നലെ ചര്‍ച്ച നടത്തി. പ്രതിരോധം, സൈബര്‍ സുരക്ഷ, വാണിജ്യം തുടങ്ങിയ മേഖകളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതുള്‍പ്പെടെ 15 കരാറുകളില്‍ ഒപ്പുവച്ചു. സിംഗപ്പൂര്‍ പ്രധാനമന്ത്രിയെ മോദി ഇന്ത്യയിലേക്കു ക്ഷണിച്ചു. ഗുജറാത്ത് സന്ദര്‍ശിക്കണമെന്നു പ്രത്യേകം ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ വര്‍ധിപ്പിക്കണമെന്നു സിംഗപ്പൂര്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടപ്പോള്‍ ഇന്ത്യയിലെ റെയില്‍വേ സ്റേഷനുകള്‍ ആധുനികവത്കരിക്കുക എന്ന ആവശ്യമാണു മോദി മുന്നോട്ടുവച്ചത്.


ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യക്കു സ്ഥിരാംഗത്വം ലഭിക്കുന്നതില്‍ സിംഗപ്പൂരിന്റെ പിന്തുണയുണ്െടന്നു ലുംഗു പറഞ്ഞു. ഇന്ത്യയില്‍ രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങളെ മഹാരത്ന, നവരത്ന, മിനിരത്ന എന്നിങ്ങനെയാണു തരംതിരിച്ചിരിക്കുന്നത്. നവരത്ന സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തണമെന്നായിരുന്നു മോദിയുടെ അഭ്യര്‍ഥന. പൊതുമേഖലാ സംരംഭങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിനു മുന്നോടിയായിട്ടാണു മോദിയുടെ പുതിയ നീക്കമെന്നു വിലയിരുത്തപ്പെടുന്നു.

നൈപുണ്യവികസനം, നഗരവികസനം, വിനോദസഞ്ചാരം, വ്യോമയാനം എന്നീ മേഖലകളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തതായി കിഴക്കന്‍ രാജ്യങ്ങളുടെ ചുമതലയുള്ള വിദേശകാര്യസെക്രട്ടറി അനില്‍ വാധ്വ പത്രസമ്മേളനത്തില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.