റഷ്യന്‍ എംബസിയില്‍ റോക്കറ്റ് ആക്രമണം
റഷ്യന്‍ എംബസിയില്‍  റോക്കറ്റ് ആക്രമണം
Wednesday, October 14, 2015 11:42 PM IST
ഡമാസ്കസ്: സിറിയയിലെ റഷ്യന്‍ വ്യോമാക്രമണത്തെ പിന്തുണച്ച് അസാദ് അനുകൂലികള്‍ റഷ്യന്‍ എംബസിക്കു സമീപം പ്രകടനം നടത്തുമ്പോള്‍ രണ്ടു റോക്കറ്റുകള്‍ എംബസി വളപ്പില്‍ പതിച്ചതു പരിഭ്രാന്തി പരത്തി. ഐഎസാണ് ആക്രമണത്തിനു പിന്നിലെന്നു കരുതപ്പെടുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

റഷ്യന്‍ പതാകകളും പ്രസിഡന്റ് പുടിന്റെ ഫോട്ടോകളുമായാണ് പ്രകടനക്കാര്‍ എത്തിയത്. ഇതിനുമുമ്പും ഡമാസ്കസിലെ റഷ്യന്‍ എംബസിക്കു നേരേ ആക്രമണം നടന്നിട്ടുണ്ട്. സെപ്റ്റംബര്‍ 21ന് എംബസിവളപ്പില്‍ ഷെല്ലാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

ഇതിനിടെ റഷ്യയെ ആക്രമിക്കാന്‍ അല്‍ക്വയ്ദ ബന്ധമുള്ള അല്‍നുസ്റയുടെ മേധാവി അബു മുഹമ്മദ് അല്‍ ജോലാനി ജിഹാദികളോട് ആവശ്യപ്പെട്ടു. റഷ്യന്‍ സൈനികര്‍ സിറിയന്‍ ജനതയെ കൊലപ്പെടുത്തിയാല്‍ പകരം റഷ്യക്കാരെ കൊല്ലണമെന്നു ജോലാനി ഓഡിയോ സന്ദേശത്തില്‍ നിര്‍ദേശിച്ചു.

തിങ്കളാഴ്ചയ്ക്കുശേഷം ഇതുവരെ 86 ഭീകരലക്ഷ്യങ്ങളില്‍ തങ്ങളുടെ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയെന്നു റഷ്യ അറിയിച്ചു. റാഖാ, ഹമാ, ഇഡ്ലിബ്, ലഡാക്കിയ, ആലപ്പോ പ്രവിശ്യകളില്‍ ആക്രമണം നടത്തിയെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോര്‍ കനാഷെങ്കോവ് റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു. ഐഎസ് ഭീകരരെ നേരിടാന്‍ റഷ്യ നടത്തുന്ന നീക്കവുമായി സഹകരിക്കാന്‍ വിസമ്മതിക്കുന്ന അമേരിക്കയുടെ നടപടിയെ പ്രസിഡന്റ് പുടിന്‍ വിമര്‍ശിച്ചു. ഐഎസ് ഭീകരരല്ല അസാദ് വിരുദ്ധരായ സിറിയന്‍ വിമതരാണ് റഷ്യയുടെ ആക്രമണത്തിനിരയാവുന്നതെന്ന് അമേരിക്ക കുറ്റപ്പെടുത്തി.


വിമതര്‍ക്ക് ആയുധങ്ങള്‍ വിമാനത്തില്‍നിന്നു ഇട്ടുകൊടുക്കാന്‍ ഒബാമ ഭരണകൂടം തീരുമാനിച്ചു. വിമതരെ പരിശീലിപ്പിക്കാനുള്ള പദ്ധതി നേരത്തെ യുഎസ് ഉപേക്ഷിച്ചിരുന്നു. യുഎസ് പരിശീലിപ്പിച്ച പല വിമതരും ഐഎസിന് ആയുധം കൈമാറുകയും അവരുടെകൂടെച്ചേരുകയും ചെയ്തതാണു കാരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.