ആത്മീയത കുടുംബങ്ങളുടെ നിലനില്‍പ്പിന് അടിസ്ഥാനം: കര്‍ദിനാള്‍ മാര്‍ ക്ളീമിസ് ബാവ
ആത്മീയത കുടുംബങ്ങളുടെ നിലനില്‍പ്പിന് അടിസ്ഥാനം: കര്‍ദിനാള്‍ മാര്‍ ക്ളീമിസ് ബാവ
Sunday, October 11, 2015 11:26 PM IST
വത്തിക്കാന്‍ സിറ്റി: ആത്മീയത കുടുംബങ്ങളുടെ നിലനില്‍പ്പിന് അടിസ്ഥാനമാണെന്നു മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവ. വത്തിക്കാനില്‍ നടക്കുന്ന മെത്രാന്മാരുടെ സിനഡില്‍ ഇന്നലെ രാവിലെ നടന്ന സെഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തെ സഭ പ്രാദേശിക ഘടകമായിട്ടാണു കാണുന്നത്. ശക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതു ശക്തമായ കുടുംബങ്ങളിലാണ്. എക്കാലത്തും കത്തോലിക്കാസഭയാണ് കുടുംബങ്ങളുടെ ഏറ്റവും ശക്തരായ സംരക്ഷകര്‍. സഭ ഏറ്റവും അത്യാവശ്യമായിരിക്കുന്ന ഈ കാലഘട്ടത്തിലും ഈ ശുശ്രൂഷ തുടരണം.

കുടുംബങ്ങളെ അതിശക്തമായി പിന്തുണയ്ക്കുന്ന ഇന്ത്യന്‍ പാരമ്പര്യത്തിലും സംസ്കാരത്തിലുമാണ് മലങ്കര സുറിയാനി സഭ കുടുംബങ്ങളെക്കുറിച്ചുള്ള അജപാലനപരമായ ധാരണകള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. കുടുംബങ്ങളെ മലങ്കര സഭാ പാരമ്പര്യം സമൂഹത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമായി പരിഗണിക്കുന്നു. വിവാഹത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ നിന്നു പിന്‍തിരിയാന്‍ സാധിക്കുകയില്ല. കുടുംബത്തിന്റെ ഏറ്റവും വലിയ സമ്പാദ്യം കുട്ടികളാണെന്ന തിരിച്ചറിവ് കുടുംബങ്ങള്‍ക്കു വലിയ ശക്തി പകരുന്നു.
യുവജനങ്ങള്‍ സഭയില്‍ നടക്കു ന്ന വിവാഹകൂദാശയിലൂടെ കുടുംബങ്ങളിലേക്കു നിയോഗിക്കപ്പെടുന്നതിലുള്ള തീവ്രമായ ആഗ്രഹം ഇന്നും ശക്തമാണ്. കുടുംബവും സമൂഹവും ഇപ്പോഴും വിവാഹത്തെ വലിയ ആഘോഷമായിട്ടാണു കാണുന്നത്. ദമ്പതികളുടെ സഭാബന്ധവും അതില്‍ ഉള്‍ച്ചേര്‍ന്ന ജീവിതക്രമവും വലിയ അളവില്‍ കുടുംബങ്ങളെ ശക്തിപ്പെടുത്തുന്നു. നൂറ്റാണ്ടുകളായി പിന്തുടരുന്ന കുടുംബ ആത്മീയത, നോമ്പ് ഇവ യെല്ലാം കുടുംബങ്ങളെ ശക്തിപ്പെടുത്തുന്നു. ആധുനികലോകത്തിന്റെ പുതിയ ജീവിതശൈലികള്‍ സുറിയാനി പാരമ്പര്യത്തിലുള്ള കുടുംബങ്ങളെയും ശക്തിയായി ബാധിച്ചിരിക്കുന്നു. മക്കളുടെ എണ്ണത്തിലുള്ള കുറവ് സ്വാര്‍ഥതയിലേക്ക് കുടുംബങ്ങളെ തള്ളിവിട്ടിരിക്കുന്നു. ജോലിക്കും മറ്റുമായി അന്യരാജ്യങ്ങളിലേക്കു കുടിയേറുമ്പോള്‍ വൃദ്ധമാതാപിതാക്കള്‍ വീടുകളില്‍ അന്യരാകുന്നു. അവരില്‍നിന്ന് അടുത്ത തലമുറകളിലേക്ക് പകര്‍ന്നുനല്‍കപ്പെട്ട വിശ്വാസത്തിന്റെ പരിശീലനം നിലച്ചിരിക്കുന്നു. ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളും കുടുംബങ്ങളെ തകര്‍ക്കുന്നതായി മാര്‍ ക്ളീമിസ് ബാവ പറ ഞ്ഞു.കുടുംബങ്ങളെ നിരന്തരം പിന്തുടര്‍ന്ന് അജപാലന ശുശ്രൂഷ നല്‍കുന്ന മെത്രാന്മാരെയും വൈദികരെയും സന്യസ്തരെയുമാണു സഭയ്ക്കിന്ന് ആവശ്യം. യേശുവില്ലാത്ത കുരിശ് വെറും തടിക്കഷണമാണ്. യേശു ചേരുമ്പോഴാണ് അതു വിശുദ്ധ കുരിശാകുന്നത്. സകല ക്രൈസ്തവ സാക്ഷ്യങ്ങള്‍ക്കും അതൊരു സന്ദേശമാണെ ന്നു ബാവ പറഞ്ഞു.

ഇന്ത്യയിലെ ബിഷപ്പുമാരുടെയും വൈദികരുടെയും സന്യസ്തരുടെയും സകല കുടുംബങ്ങളുടെയും ആശംസ അറിയിച്ചുകൊണ്ടാണു കാതോലിക്കാബാവാ പ്രസംഗം ആരംഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.