അല്‍ അക്സാ വളപ്പില്‍ കാബിനറ്റ് മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും വിലക്ക്
Friday, October 9, 2015 12:20 AM IST
ജറൂസലേം: അല്‍ അക്സാ മോ സ്ക് സ്ഥിതിചെയ്യുന്ന മേഖലയില്‍ ഇസ്രേലി കാബിനറ്റ് മന്ത്രിമാരും എംപിമാരും പ്രവേശിക്കുന്നതു നിരോധിച്ചുകൊണ്ട് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹൂ ഉത്തരവിട്ടു. ഇസ്രയേലില്‍ ആഴ്ചകളായി നിലനില്‍ക്കുന്ന സംഘര്‍ഷം മൂര്‍ച്ഛിക്കാതിരിക്കാനാണ് ഈ നടപടി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നെതന്യാഹൂ കഴിഞ്ഞദിവസം ജര്‍മന്‍ പര്യടനം റദ്ദാക്കിയിരുന്നു. അക്രമത്തിനു പ്രേരണ നല്‍കുന്ന വീഡിയോകള്‍ നിരോധിക്കാന്‍ ഫേസ്ബുക്ക്, യുട്യൂബ് അധികൃതരോടും ഇസ്രയേല്‍ ആവശ്യപ്പെട്ടു.

ഇന്നലെ ടെല്‍ അവീവിലെ സൈനിക ഹെഡ്ക്വാര്‍ട്ടേഴ്സിനു സമീപം ഒരു ഇസ്രേലി പട്ടാളക്കാരി ഉള്‍പ്പെടെ നാലുപേര്‍ക്കു കുത്തേറ്റു. സ്ക്രൂഡ്രൈവര്‍ കൊണ്ടു പട്ടാളക്കാരിയെ കുത്തിയശേഷം ഓടിപ്പോയ അക്രമിയെ മറ്റു സൈനികര്‍ വെടിവച്ചുകൊന്നു. ടെല്‍ അവീവ് ആക്രമണത്തിനുശേഷം മണിക്കൂറുകള്‍ക്കകം വെസ്റ്ബാങ്കിലെ യഹുദ കോളനിയില്‍ ഒരാള്‍ക്കു കുത്തേറ്റു.കഴിഞ്ഞയാഴ്ചയില്‍ നാല് ഇസ്രേലികളും ആറു പലസ്തീന്‍കാരും കൊല്ലപ്പെട്ടു.


അല്‍ അക്സാ വളപ്പില്‍ മന്ത്രിമാര്‍ക്കും എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതിനെതിരേ രൂക്ഷവിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.