സ്വെറ്റ്ലാന അലക്സിയേവിച്ചിനു സാഹിത്യ നൊബേല്‍
സ്വെറ്റ്ലാന അലക്സിയേവിച്ചിനു സാഹിത്യ നൊബേല്‍
Friday, October 9, 2015 12:14 AM IST
സ്റോക്ഹോം: സോവ്യറ്റ് യൂണിയന്റെ തകര്‍ച്ചയുടെ പശ്ചാത്തലത്തിലുള്ള രചനകളിലൂടെ ശ്രദ്ധേയയായ ബെലാറസ് എഴുത്തുകാരിക്കു സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം. 67 വയസുള്ള സ്വെറ്റ്ലാന അലക്സിയേവിച്ച് അന്വേഷണാത്മക പത്രപ്രവര്‍ത്തക കൂടിയാണ്.

നമ്മുടെ കാലത്തെ യാതനകളുടെയും ധീരതയുടെയും സ്മാരകങ്ങളാണ് സ്വെറ്റ്ലാനയുടെ ബഹുഭാഷാ രചനകള്‍ എന്നു റോയല്‍ സ്വീഡിഷ് അക്കാഡമി വിലയിരുത്തി.

യുക്രെയ്നിലെ ഇവാനോ ഫ്രാങ്കോവ്സ്ക് പട്ടണത്തില്‍ ബെലാറസുകാരനായ പട്ടാളക്കാരന്റെയും യുക്രെയ്ന്‍കാരിയായ അധ്യാപികയുടെയും മകളായിട്ടാണു ജനനം. പട്ടാളത്തില്‍നിന്നു പിരിഞ്ഞ അച്ഛന്‍ ബെലാറസിലെ തന്റെ പൂര്‍വികഗ്രാമത്തിലേക്കു മടങ്ങി. ശിഷ്ടകാലം അദ്ദേഹവും ഭാര്യയും അധ്യാപകരായിരുന്നു.

വിദ്യാഭ്യാസത്തിനുശേഷം സ്വെറ്റ്ലാന കുറച്ചുകാലം അധ്യാപികയായിരുന്നു. പ്രാദേശിക പത്രങ്ങളില്‍ റിപ്പോര്‍ട്ടറായും പ്രവര്‍ത്തിച്ചു. കാര്‍പ് മത്സ്യബന്ധനത്തെപ്പറ്റി ഇറക്കിയ ഒരു മാസികയിലും പ്രവര്‍ത്തിച്ചു. ബെലാറസ് തലസ്ഥാനമായ മിന്‍സ്കില്‍ നെമാന്‍ എന്ന സാഹിത്യമാസികയുടെ റിപ്പോര്‍ട്ടറായി എത്തി. രണ്ടാം ലോകമഹായുദ്ധം, അഫ്ഗാനിസ്ഥാനിലെ സോവ്യറ്റ് യുദ്ധം, സോവ്യറ്റ് യൂണിയന്റെ പതനം, ചെര്‍ണോബിലിലെ ആണവദുരന്തം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആയിരക്കണക്കിനു വ്യക്തികളുമായി സ്വെറ്റ്ലാന അഭിമുഖങ്ങള്‍ നടത്തി. ഈ അഭിമുഖങ്ങളിലൂടെ സോവ്യറ്റ് പൌരന്മാരുടെ ജീവിതത്തിലെ പീഡാനുഭവങ്ങളും മോഹങ്ങളും മോഹഭംഗങ്ങളും മനസിലാക്കി. സ്വെറ്റ്ലാനയുടെ രചനകള്‍ ഈ ജീവിതങ്ങളുടെ ആഖ്യാനങ്ങളാണ്. തന്റെകാലത്തെ വ്യക്തികളുടെ ജീവിതാഖ്യാനമായി ചരിത്രസംഭവങ്ങളെപ്പറ്റിയുള്ള രചനകള്‍ അവര്‍ മാറ്റിയെടുത്തു.


2000-ല്‍ ബെലാറസില്‍ ലുക്കാഷെങ്കോയുടെ ഭരണകൂടം തന്നെ വേട്ടയാടാന്‍ ആരംഭിച്ചപ്പോള്‍ സ്വെറ്റ്ലാന പാരീസിലേക്കു പോയി. ഇന്റര്‍നാഷണല്‍ സിറ്റീസ് ഓഫ് റെഫ്യൂജ് നെറ്റ്വര്‍ക്കാണ് ഇതിനു സൌകര്യമൊരുക്കിയത്. കുറേക്കാലം ഗോഥന്‍ബര്‍ഗിലും ബര്‍ലിനിലും ഇറ്റലിയിലും സ്വീഡനിലും കഴിഞ്ഞു. 2011-ല്‍ മിന്‍സ്കിലേക്കു മടങ്ങി.

വോയിസസ് ഫ്രം ചെര്‍ണോബില്‍: ദ ഓറല്‍ ഹിസ്ററി ഓഫ് എ ന്യൂക്ളിയര്‍ ഡിസാസ്റര്‍, സിങ്കി ബോയ്സ്: സോവ്യറ്റ് വോയിസസ് ഫ്രം ദ അഫ്ഗാന്‍ വാര്‍ (അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഭടന്മാരെ നാകപ്പെട്ടികളിലാക്കികൊണ്ടുവന്നിരുന്നതുകൊണ്ടാണു സിങ്കി ബോയ്സ് എന്നു പേരിട്ടത്) തുടങ്ങിയവയാണ് അവരുടെ ഇംഗ്ളീഷിലുള്ള പ്രധാന കൃതികള്‍. മരണത്തില്‍ ആകൃഷ്ടരായവര്‍, അവസാനത്തെ സാക്ഷികള്‍, യുദ്ധത്തിന്റെ സ്ത്രൈണമല്ലാത്ത മുഖം തുടങ്ങിയവയും ശ്രദ്ധേയമായ പുസ്തകങ്ങളാണ്.

നിരവധി യൂറോപ്യന്‍ സാഹിത്യപുരസ്കാരങ്ങള്‍ക്കു സ്വെറ്റ്ലാന അര്‍ഹയായിട്ടുണ്ട്. ജപ്പാനിലെ ഹരുകി മുറാകാമി, കെനിയയുടെ എന്‍ഗു ഗി വാ തിയോംഗ് ദ, നോര്‍വേയുടെ യോണ്‍ ഫൊസെ തുടങ്ങിയവരെയും ഇത്തവണ പുരസ്കാരത്തിനു പരിഗണിച്ചിരുന്നു. സാഹിത്യ നൊബേല്‍ നേടുന്ന 14-ാമത്തെ വനിതയാണു സ്വെറ്റ്ലാന. 2013-ല്‍ കാനഡയുടെ ആലീസ് മണ്‍റോയ്ക്കു സാഹിത്യ നൊബേല്‍ ലഭിച്ചതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.