സിറിയയില്‍ റഷ്യന്‍ കരസേന എത്തിയെന്നു നാറ്റോ
Wednesday, October 7, 2015 11:17 PM IST
ബ്രസല്‍സ്:റഷ്യയുടെ കരസേന സിറിയയില്‍ എത്തിയെന്നു നാറ്റോ മേധാവി ജെന്‍സ് സ്റോള്‍ട്ടന്‍ ബര്‍ഗ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. നാറ്റോ അംഗമായ തുര്‍ക്കിയുടെ വ്യോമാതിര്‍ത്തി രണ്ടു തവണ റഷ്യന്‍ യുദ്ധവിമാനങ്ങള്‍ ലംഘിച്ച സംഭവം അതീവ ഗൌരവമുള്ളതാണെന്നും അബദ്ധം പറ്റിയതാണെന്ന റഷ്യയുടെ വിശദീകരണം സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. വ്യോമാതിര്‍ത്തി ലംഘിച്ച സംഭവത്തില്‍ രണ്ടാംതവണയും റഷ്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി തുര്‍ക്കി മുന്നറിയിപ്പു നല്‍കി. റഷ്യയുടെ നടപടിയെ വിമര്‍ശിച്ച നാറ്റോ രാജ്യങ്ങള്‍ സിറിയയില്‍ ഐഎസിനെതിരേയുള്ള ആക്രമണം നിര്‍ത്തിവയ്ക്കാന്‍ റഷ്യയോട് ആവശ്യപ്പെട്ടു. ഐഎസിനെതിരേ ആക്രമണത്തിനെന്നു പറഞ്ഞ് സിറിയയില്‍ ഇടപെട്ട റഷ്യ സാധാരണക്കാര്‍ക്കും അസാദിനെ എതിര്‍ക്കുന്ന വിമതര്‍ക്കുമെതിരേയാണ് ആക്രമണം നടത്തുന്നതെന്നു നാറ്റോ സെക്രട്ടറി ജനറല്‍ ആരോപിച്ചു. പല്‍മീറയിലും ആലപ്പോയിലും ഐഎസിന്റെ താവളങ്ങള്‍ക്കു നേരേ റഷ്യന്‍ യുദ്ധവിമാനങ്ങല്‍ ആക്രമണം നടത്തിയതായി സിറിയന്‍ ടിവി അറിയിച്ചു. പല്‍മീറയിലെ മൂന്ന് ആയുധഡിപ്പോകള്‍ തകര്‍ ന്നു. ആലപ്പോയിലും ഐഎസ് കേന്ദ്രങ്ങള്‍ തകര്‍ത്തു. കരസേനയെ ഉപയോഗിച്ച് സിറിയയില്‍ ആക്രമണത്തിനു റഷ്യക്കു പദ്ധതിയില്ലെന്നം അഡ്മിറല്‍ വ്ളാദിമിര്‍ കൊമയെദോവ് മോസ്കോയില്‍ വ്യക്തമാക്കി യുക്രെയിനില്‍ വിമതരോടൊപ്പം യുദ്ധം ചെയ്ത റഷ്യന്‍ സൈനികര്‍ ഉള്‍പ്പെടുന്ന വളന്റിയര്‍മാര്‍ സിറിയന്‍ സൈനികരോടൊപ്പം ഐഎസിനെതിരേ പോരാട്ടത്തിനിറങ്ങിയേക്കാമെന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.