കൂട്ടകുടിയേറ്റം ബ്രിട്ടീഷ് സമൂഹത്തെ തകര്‍ക്കും: യുകെ മന്ത്രി തെരേസ
കൂട്ടകുടിയേറ്റം ബ്രിട്ടീഷ് സമൂഹത്തെ തകര്‍ക്കും: യുകെ മന്ത്രി തെരേസ
Wednesday, October 7, 2015 11:16 PM IST
മാഞ്ചസ്റര്‍: കൂട്ടകുടിയേറ്റം ബ്രട്ടീഷ് സമൂഹത്തെ തകര്‍ക്കുകയാണെന്ന് ആഭ്യന്തരമന്ത്രി തെരേസ മേ. പ്രശ്നത്തില്‍ കര്‍ശനനിലപാട് സ്വീകരിക്കുമെന്ന് കണ്‍സര്‍വേറ്റീവ് നേതാവുകൂടിയായ മന്ത്രി വാഗ്ദാനം ചെയ്തു.

അമിതമായ കുടിയേറ്റം അതിവേഗത്തിലുള്ള സാമൂഹ്യമാറ്റങ്ങള്‍ക്കു വഴിതെളിക്കും. പരസ്പരാശ്രിത സമൂഹം കെട്ടിപ്പടുക്കുക ഇതോടെ അസാധ്യമാകുമെന്നും മാഞ്ചസ്ററില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ അവര്‍ പറഞ്ഞു. വ്യാപകമായ കുടിയേറ്റം സ്കൂളുകളും ആശുപത്രികളും പോലുള്ള പൊതുസേവനങ്ങള്‍ കൂടുതല്‍ ആയാസകരമാക്കും. കൂലി കുറയുന്നതോടെ തൊഴിലില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരാ കും. സാമ്പത്തികനേട്ടമാകട്ടെ പൂജ്യത്തിലെത്തുകയും ചെയ്തു. മാര്‍ച്ചില്‍ അവസാനിച്ച ഒരു ഒരുവര്‍ഷത്തിനിടെ 330,000 പേര്‍ ബ്രിട്ടനിലേക്ക് കുടിയേറിയതായാണ് ഏകദേശകണക്ക്. കുടിയേറ്റക്കാരുടെ എണ്ണം ഒരു ലക്ഷമായി നിജപ്പെടുത്തുമെന്ന പ്രധാനമന്ത്രി കാമറോണിന്റെ വാഗ്ദാനം നടപ്പായില്ല. കുടിയേറ്റക്കാരില്‍ പകുതിയും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.


യൂറോപ്യന്‍ യൂണിയനിലെ 28 രാജ്യങ്ങളില്‍ നിന്നുള്ള പൌരന്മാര്‍ക്ക് അംഗരാജ്യങ്ങളില്‍ താമസിക്കുന്നതിനു നിയന്ത്രണങ്ങളൊന്നുമില്ല. യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധനിലപാടുള്ള പാര്‍ട്ടികള്‍ക്ക്, പ്രത്യേകിച്ചും യുകെ ഇന്‍ഡിപ്പെന്‍ഡന്റ് പാര്‍ട്ടിയുടെ ബഹുജനപിന്തുണ വര്‍ധിച്ചിരിക്കുകയാണ്. 2017 അവസാനത്തോടെ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതു സംബന്ധിച്ച ഹിതപരിശോധന നടത്തുമെന്നാണ് ഡേവിഡ് കാമറണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കുടിയേറ്റം അനിയന്ത്രിതമായി തുടര്‍ന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിനെതിരേ ഭൂരിപക്ഷം പേര്‍ വോട്ടു ചെയ്തേക്കുമെന്ന് ആശങ്കയുണ്ട്.

തെരേസ മേയുടെ കുടിയേറ്റവിരുദ്ധ പ്രസ്താവനയെ തൊഴില്‍ ദാതാക്കളുടെ സംഘടന വിമര്‍ശിച്ചു. ആഗോളതലത്തിലെ മികച്ച തൊഴില്‍ശക്തിയെ തള്ളിക്കളഞ്ഞ് പാര്‍ട്ടി രാഷ്ട്രീയത്തെ രാജ്യതാത്പര്യത്തിനു മുകളില്‍ പ്രതിഷ്ഠിക്കാനാണു തെരേസയുടെ നീക്കമെന്ന് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്സ് മേധാവി സൈമണ്‍ വാക്കര്‍ കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.