സിനഡ് പാര്‍ലമെന്റല്ല: മാര്‍പാപ്പ
സിനഡ് പാര്‍ലമെന്റല്ല: മാര്‍പാപ്പ
Tuesday, October 6, 2015 10:43 PM IST
വത്തിക്കാനില്‍ നിന്നു ഫാ. ജോസഫ് സ്രാമ്പിക്കല്‍

വത്തിക്കാന്‍ സിറ്റി: സിനഡ് ഒരു പാര്‍ലമെന്റല്ലെന്നും ദൈവത്തിന്റെ ഹൃദയംക്കൊണ്ടും വിശ്വാസത്തിന്റെ കണ്ണുകള്‍കൊണ്ടും ലോകത്തിന്റെ യാഥാര്‍ഥ്യം തിരിച്ചറിയാനായിട്ടുള്ള സഭാത്മക കൂട്ടായ്മയാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. മെത്രാന്‍ സിനഡിന്റെ പതിനാലാമത് സാധാരണ പൊതുസ മ്മേളനത്തിന്റെ ഒന്നാം ദിവസം സിനഡ് പിതാക്കന്മാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

സിനഡ് ഒരു സംരക്ഷിത മേഖലയാണ്, അവിടെ പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ് അനുഭവിക്കുന്നത്. ദൈവത്താല്‍ നയിക്കപ്പെടുവാനായി തങ്ങളെത്തന്നെ വിട്ടുകൊടുക്കുന്ന എല്ലാ വ്യക്തികളുടെയും നാവുകളിലൂടെ പരിശുദ്ധാത്മാവാണ് സിനഡില്‍ സംസാരിക്കുന്നത്. നമ്മുടെ കണക്കുകൂട്ടലുകളെക്കാളും വലിയവനാണു ദൈവം. സിനഡ് പിതാക്കന്മാര്‍ ശ്ളൈഹികധൈര്യത്തോടും സുവിശേഷാത്മകമായ എളിമയോടും ആശ്രയബോധത്തോടുള്ള പ്രാര്‍ഥനയോടും കൂടി സംസാരിക്കുമ്പോഴാണു സിനഡ് പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയായി മാറുന്നതെന്നു മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

സിനഡ് നടപടിക്രമങ്ങള്‍ ഇന്നലെ രാവിലെ ഒമ്പതിന് യാമപ്രാര്‍ഥനയോടെ ആരംഭിച്ചു. ഹോണ്ടുറാസിലെ തെഗൂസിഗല്‍പാ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഓസ്കാര്‍ അന്ത്രേസ് റോഡ്രീഗസ് മരദിയാഗാ സുവിശേഷസന്ദേശം നല്കി. ഇന്നലത്തെ ആദ്യസമ്മേളനത്തില്‍ മാര്‍പാപ്പയുടെ പ്രതിനിധിയായി പാരീസ് ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ആന്ദ്രേവാങ് ത്രൂവായാ അധ്യക്ഷത വഹിച്ചു. സഭയുടെ പ്രവര്‍ത്ത നങ്ങളില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നവര്‍ നിരാശരാകുമെന്ന് അദ്ദേഹം പറഞ്ഞു.


മെത്രാന്‍ സിനഡിന്റെ സെക്രട്ടറി ജനറലും ഭാരതത്തിലെ മുന്‍ അപ്പസ്തോലിക് നുണ്‍ഷ്യോയുമായ കര്‍ദിനാള്‍ ലോറേന്‍സോ ബാള്‍ദിസേരി കുടുംബത്തെക്കുറിച്ചുള്ള സിനഡിനുവേണ്ടി 2013 മുതല്‍ നട ത്തിയ ഒരുക്കങ്ങളും, സിനഡിന്റെ നടപടിക്രമങ്ങളും സിനഡിന്റെ വിജയത്തിനുവേണ്ടി നടത്തുന്ന പ്രാര്‍ഥനകളെക്കുറിച്ചും സംസാരിച്ചു. തുടര്‍ന്ന് ഹംഗറിയിലെ ഏസ്റര്‍ഗോം ബുഡാപെസ്റ് ആര്‍ച്ച്ബിഷപ്പും സിനഡിന്റ ജനറല്‍ റിലേറ്ററുമായ കര്‍ദിനാള്‍ പീറ്റര്‍ എര്‍ഡോ പ്രമേയം അവതരിപ്പിച്ചുകൊണ്ടു സംസാരിച്ചു. ലാറ്റിനമേരിക്കയില്‍ നിന്നുള്ള ദമ്പതികള്‍ തങ്ങളുടെ ജീവിത സാക്ഷ്യം ഇന്നലെ സിനഡില്‍ പങ്കുവച്ചു. തുടര്‍ന്ന് സിനഡ് പിതാക്കന്മാര്‍ തങ്ങളുടെ ചിന്തകളും നിര്‍ദേശങ്ങളും അവതരിപ്പിച്ചു.

ഇന്നു രാവിലെ ഒമ്പതിന് മൂന്നാം പൊതുസമ്മേളനവും നാലരയ്ക്കു ഭാഷാടിസ്ഥാനത്തിലുള്ള 13 ഗ്രൂപ്പു കളുടെ സമ്മേളനങ്ങളും നടക്കും. ഇംഗ്ളീഷ് നാല്; ഇറ്റാലിയന്‍, ഫ്രഞ്ച്, എന്നീ ഭാഷകള്‍ സംസാരിക്കുന്നവരുടെ മൂന്നു ഗ്രൂപ്പുകളും സ്പാനീഷ് ഭാഷ സംസാരിക്കുന്നവരുടെ രണ്ടു ഗ്രൂപ്പുകളും ഒരു ജര്‍മന്‍ ഗ്രൂപ്പുമാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.