ഓറിഗണ്‍ കൂട്ടക്കൊല: പ്രതി മുന്‍ സൈനികന്‍
ഓറിഗണ്‍ കൂട്ടക്കൊല: പ്രതി മുന്‍ സൈനികന്‍
Sunday, October 4, 2015 12:41 AM IST
റോസ്ബര്‍ഗ്: യുഎസിലെ കമ്യൂണിറ്റി കോളജില്‍ സഹപാഠികളെയും പ്രഫസറെയും വെടിവച്ചു കൊലപ്പെടുത്തിയ ക്രിസ്റഫര്‍ ഹാര്‍പര്‍ മെര്‍സര്‍ എന്ന 26കാരന്‍ യുഎസ് സൈന്യത്തില്‍ ഒരു മാസത്തോളം സേവനം അനുഷ്ഠിച്ചിരുന്നതായി വെളിപ്പെടുത്തല്‍.നിര്‍ദിഷ്ട പരിശീലനം പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ ഇയാളെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നുവെന്നു സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഓറിഗണ്‍ സംസ്ഥാനത്തെ പോര്‍ട്ലന്‍ഡ് നഗരത്തില്‍നിന്നു 273 കിലോമീറ്റര്‍ അകലെയുള്ള റോസ്ബര്‍ഗിലെ ഉംപ്ക്വ കമ്യൂണിറ്റി കോളജില്‍ വ്യാഴാഴ്ച ഹാര്‍പര്‍ നടത്തിയ വെടിവയ്പില്‍ ഇംഗ്ളീഷ് പ്രഫസറടക്കം ഒമ്പതുപേരാണു കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവര്‍ 18 മുതല്‍ 67 വയസുവരെ പ്രായമുള്ളവരാണ്. ഹാര്‍പര്‍ പോലീസിന്റെ വെടിയേറ്റു മരിച്ചു.

ഇതേ കോളജില്‍ രചനാകോഴ്സിനു പഠിച്ചിരുന്ന പ്രതി കൂട്ടക്കൊല നടത്തുന്നതിനുമുമ്പ് സ്വകാര്യ ആയുധ പരിശീലനകേന്ദ്രത്തില്‍ പരിശീലനം നേടി. ആറു തോക്കുകളും നിരവധി വെടിയുണ്ടകളും പ്രതിയുടെ കൈവശമുണ്ടായിരുന്നു.

റോസ്ബര്‍ഗിലെ അപ്പാര്‍ട്ട്മെന്റില്‍ നടത്തിയ തെരച്ചിലില്‍ ഏഴു തോക്കുകള്‍കൂടി കണ്െടടുത്തു. 2006ല്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞശേഷം അമ്മയ്ക്കൊപ്പമായിരുന്നു ഹാര്‍പര്‍ താമസിച്ചിരുന്നത്. ബ്രിട്ടനില്‍ ജനിച്ച ഇയാള്‍ ചെറുപ്പത്തില്‍ യുഎസിലേക്കു കുടിയേറിയതാണ്.


സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് പ്രൊഫൈലുകളില്‍നിന്ന് അക്രമി ഐറിഷ് റിപ്പബ്ളിക്കന്‍ ആര്‍മി എന്ന ഭീകരസംഘടനയോട് അഭിമുഖ്യം പുലര്‍ത്തുന്നതിന്റെ സൂചനകള്‍ ലഭ്യമായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കൂട്ടക്കൊലകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ശ്രദ്ധിച്ചിരുന്ന ഹാര്‍പര്‍ ആരോടും മമതയില്ലാത്ത ഒറ്റയാനായിരുന്നുവെന്ന് അടുത്തറിയാവുന്നവര്‍ പറഞ്ഞു.

ക്ളാസിലേക്ക് ഇരച്ചെത്തിയ ക്രിസ്റഫര്‍ ഹാര്‍പര്‍ അധ്യാപകന്റെ തലയ്ക്കു നേരേ വെടിയുതിര്‍ത്തശേഷം ക്രൈസ്തവരായ കുട്ടികളെ തെരഞ്ഞുപിടിച്ചു വെടിവയ്ക്കുകയായിരുന്നു.

ക്ളാസ്മുറിയിലുണ്ടായിരുന്ന ക്രിസ് മിന്റ്സ് എന്ന മുപ്പതുകാരന്റെ ഇടപെടലാണ് ഉംപ്ക്വ കോളജില്‍ കൂടുതല്‍ മരണങ്ങള്‍ ഒഴിവാക്കിയത്. തുടര്‍ച്ചയായി വെടിയുതിര്‍ത്ത ക്രിസ്റഫര്‍ ഹാര്‍പറെ തടഞ്ഞ മിന്റ്സിനെ വെടിവച്ചു. മകന്റെ ജന്മദിനമാണെന്ന മിന്റ്സിന്റെ അപേക്ഷപോലും അക്രമി ചെവിക്കൊണ്ടില്ലെന്ന് മിന്റ്സിന്റെ മുന്‍ കാമുകി ജെയ്മി സ്കിന്നര്‍ പറഞ്ഞു. ഏഴുതവണ വെടിയേറ്റ മിന്റ്സ് രണ്ടുകാലുകളും തകര്‍ന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇറാക്കിലടക്കം നേവനമനുഷ്ടച്ചിട്ടുള്ള യുഎസ് സൈനികനാണ് ക്രിസ് മിന്റ്സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.