കണ്ണീര്‍ക്കാഴ്ചയായി കുരുന്ന് അഭയാര്‍ഥി
കണ്ണീര്‍ക്കാഴ്ചയായി കുരുന്ന് അഭയാര്‍ഥി
Friday, September 4, 2015 11:12 PM IST
ഡമാസ്കസ്: സിറിയന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ടു മുങ്ങി മരിച്ച പിഞ്ചുബാലന്റെ മൃതദേഹം കടല്‍ത്തീരത്ത് അടിഞ്ഞതിന്റെ ചിത്രം നൊമ്പരമാകുന്നു. തുര്‍ക്കി വിനോദസഞ്ചാര കേന്ദ്രമായ ബോദ്രും കടല്‍തീരത്താണു മൂന്നു വയസുള്ള കുഞ്ഞിന്റെ മൃതദേഹം അടിഞ്ഞത്. മുഖം മണലിലാഴ്ന്ന് കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

ഐഎസും കുര്‍ദുകളും തമ്മില്‍ പോരാട്ടം നടന്ന സിറിയയിലെ കൊബാനിയില്‍നിന്നുള്ള എയ്ലന്റെ മൃതദേഹമാണിതെന്നു തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഒപ്പമുണ്ടായിരുന്ന അഞ്ചു വയസുള്ള സഹോദരനും അമ്മയും മരിച്ചതായി കുട്ടിയുടെ അച്ഛന്‍ അബ്ദുള്ള കുര്‍ദ് ദോഗന്‍ ന്യൂസ് ഏജന്‍സിയോടു പറഞ്ഞു. നേരത്തെ കാനഡ ഇവര്‍ക്കു വീസ നിഷേധിച്ചിരുന്നു.


എയ്ലന്റെ ചിത്രം ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചതോടെ അഭയാര്‍ഥി പ്രശ്നത്തിനു പരിഹാരമുണ്ടാക്കണമെന്നുള്ള മുറവിളി ശക്തമായി. എയ്ലന്റെ ദുര്‍വിധിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറോണ്‍ സഹതപിച്ചു.

സിറിയയില്‍നിന്നുള്ള കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ബ്രിട്ടനെ ഒരു യുഎന്‍ ഉദ്യോസ്ഥന്‍ ഉപദേശിച്ചു. അഭയാര്‍ഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ സഹകരിക്കണമെന്ന് ജര്‍മനി ആവശ്യപ്പെട്ടു. ഹംഗറി അവരുടെ അതിര്‍ത്തിയില്‍ വേലികെട്ടി അഭയാര്‍ഥികളെ തടയുന്നത് രൂക്ഷമായ എതിര്‍പ്പ് ഉയര്‍ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.