ലോകം ചുറ്റും മേയര്‍ പുലിവാലു പിടിച്ചു
ലോകം ചുറ്റും മേയര്‍ പുലിവാലു പിടിച്ചു
Thursday, September 3, 2015 12:02 AM IST
ബോം യാര്‍ഡിം(ബ്രസീല്‍): അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യയെ കടത്തിവെട്ടും ബ്രസീല്‍. 25 വയസുള്ള ലിഡിയാന ലെയ്റ്റെ എന്ന മേയര്‍ സര്‍ക്കാരിന്റെ പണവുമായി കാമുകനൊപ്പം ലോകം ചുറ്റാനിറങ്ങിയതാണ് ബ്രസീലിലെ അഴിമതിയെ വീണ്ടും വാര്‍ത്തകളിലെത്തിക്കുന്നത്. വാട്ട്സ്ആപ്പും ഫേസ്ബുക്കും ഇന്ന് ഉലകം കീഴടക്കുമ്പോള്‍ നാടു ഭരിക്കാന്‍ എന്തിന് ഓഫീസില്‍ കുത്തിയിരിക്കണം എന്നു കരുതിയാകും ഈ യുവ മേയര്‍ കറങ്ങാനിറങ്ങിയത്. കറക്കത്തിനു പിന്നാലെ അറസ്റ് വാറന്റ് വന്നതോടെ കക്ഷി ഇപ്പോള്‍ കാമുകനോടൊപ്പം ഒളിവിലാണ്. വടക്കുകിഴക്കന്‍ ബ്രസീലിലെ മാരാഞ്ഞോയിലെ ചെറുപട്ടണമായ ബോം യാര്‍ഡിമിലെ മേയറാണ് ലിഡിയാനെ. ഇവിടുത്തെ ജനങ്ങളിലേറെയും ധരിദ്രരാണ്. ഇവിടുത്തെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച വിദ്യാഭ്യാസ ഫണ്ട് അടിച്ചുമാറ്റിയാണ് ലിഡിയാനെ കാമുകനൊപ്പം പോയത്. കാമുകന്‍ ചില്ലറക്കാരനല്ല. ലിഡിയാനെയുടെ രാഷ്ട്രീയ ഉപദേശകനാണ് പുള്ളിക്കാരന്‍. ലോകം ചുറ്റുന്നതിനിടെ വാട്ട്സ്ആപ്പിലൂടെയാണ് യുവ മേയര്‍ ഭരണം നടത്തിയിരുന്നത്. സംഭവം ജനങ്ങള്‍ അറിഞ്ഞപ്പോള്‍ അവര്‍ മേയര്‍ക്കെതിരേ സമരവുമായി തെരുവിലിറങ്ങി. വലിയ സൌകര്യങ്ങളൊന്നുമില്ലാത്ത പട്ടണമാണ് ബോം യാര്‍ഡിം. മേയറായശേഷം പട്ടണത്തില്‍നിന്നു 150 കിലോമീറ്റര്‍ അകലെയുള്ള നഗരത്തിലാണ് ലിഡിയാനെ താമസിച്ചിരുന്നത്.


ആറര ലക്ഷം പൌണ്ടിന്റെ (ഏകദേശം ആറര കോടി രൂപ) കുംഭകോണ കേസില്‍ ഉള്‍പ്പെട്ടതോടെയാണ് മേയര്‍ കുടുങ്ങിയത്. ലിഡിയാനെ അധികാരത്തിലേറിയതു മുതല്‍ ബോം യാര്‍ഡിമിലെ വിദ്യാഭ്യാസരംഗമാകെ തകര്‍ന്നുവെന്നും അധ്യാപകര്‍ക്കു ശമ്പളം പോലും കിട്ടുന്നില്ലെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.