ഡോവല്‍-അസീസ് കൂടിക്കാഴ്ചയ്ക്കു ക്ഷണം ലഭിച്ചെന്നു പാക്കിസ്ഥാന്‍
Monday, August 3, 2015 11:42 PM IST
ഇസ്ലാമാബാദ്: ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ചയ്ക്കായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ, വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിന് ഇന്ത്യയുടെ ക്ഷണം ലഭിച്ചതായി പാക്കിസ്ഥാന്‍ വ്യക്തമാക്കി.

ഓഗസ്റ് 23, 24 തീയതികളില്‍ ന്യൂഡല്‍ഹിയിലാണു കൂടിക്കാഴ്ച. റഷ്യയിലെ യൂഫയില്‍ നടന്ന ഉച്ചകോടിയില്‍ നടന്ന ചര്‍ച്ചയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫും സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം ചേരാന്‍ തീരുമാനിച്ചത്.


ഓഗസ്റ് 23, 24 തീയതികളില്‍ ഇന്ത്യ- പാക് സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം ന്യൂഡല്‍ഹിയില്‍ ചേരുമെന്നു പാക്കിസ്ഥാന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. അതിര്‍ത്തികടന്നുള്ള തീവ്രവാദം, മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സക്കിയുള്‍ റഹ്മാന്‍ ലഖ്വിയുടെ ജാമ്യം എന്നിവ ചര്‍ച്ച ചെയ്യും. യൂഫ കൂടിക്കാഴ്ചയില്‍ നയതന്ത്രബന്ധം വര്‍ധിപ്പിക്കാന്‍ ഇരുരാജ്യവും തീരുമാനിച്ചിരുന്നെങ്കിലും പഞ്ചാബിലെ ഗുര്‍ദാസ്പുരിലുണ്ടായ ഭീകരാക്രമണം ഇതിനു വിലങ്ങുതടിയായേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.