ഹില്ലരിക്കെതിരേ ബൈഡന്‍ മത്സരിക്കുമെന്ന് അഭ്യൂഹം
ഹില്ലരിക്കെതിരേ ബൈഡന്‍ മത്സരിക്കുമെന്ന് അഭ്യൂഹം
Monday, August 3, 2015 11:40 PM IST
വാഷിംഗ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടി നോമിനേഷനുവേണ്ടിയുള്ള മത്സരത്തില്‍ ഹില്ലരി ക്ളിന്റണ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ ഭീഷണിയാവുമെന്ന് ആശങ്ക. ബൈഡനെ മത്സരിപ്പിക്കാന്‍ അദ്ദേഹവുമായി അടുപ്പമുള്ളവര്‍ ശ്രമം ആരംഭിച്ചു. ഇതിനായി ഡെമോക്രാറ്റുകള്‍ക്കു കനത്ത സംഭാവന നല്‍കുന്നവരെയും മറ്റും അവര്‍ സമീപിച്ചു ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.

ഡെമോക്രാറ്റ് പ്രൈമറിയില്‍ ബൈഡന്‍ മത്സരിക്കണമെന്ന് അദ്ദേഹത്തിന്റെ പുത്രന്‍ ബ്യൂ ബൈഡന്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. ബ്രെയിന്‍ കാന്‍സറിനെത്തുടര്‍ന്ന് ബ്യൂ ബൈഡന്‍ മേയ്മാസത്തില്‍ അന്തരിച്ചു.

മത്സരിക്കുന്ന കാര്യത്തില്‍ ബൈഡന്‍ ഇതുവരെ മനസുതുറന്നിട്ടില്ല. എന്നാല്‍ സെപ്റ്റംബറിനുമുമ്പ് അദ്ദേഹം തീരുമാനം പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡെമോക്രാറ്റ് പ്രൈമറിയില്‍ ബൈഡന്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടിനെക്കുറിച്ചു പ്രതികരിക്കാന്‍ ഹില്ലരി ക്ളിന്റന്റെ പ്രചാരണത്തിനു നേതൃത്വം നല്‍കുന്നവര്‍ വിസമ്മതിച്ചു. ഔദ്യോഗികാവശ്യങ്ങള്‍ക്ക് സ്വകാര്യ ഇ-മെയില്‍ അക്കൌണ്ട് ഉപയോഗിച്ചെന്ന ആരോപണത്തില്‍ പ്രതിരോധത്തിലായ ഹില്ലരിയുടെ ജനപ്രീതിയില്‍ ഇടിവുണ്ടായി.


ഹില്ലരിയോട് എതിര്‍പ്പില്ല. വൈറ്റ്ഹൌസിലേക്കുള്ള മത്സരത്തില്‍ ജയിക്കണമെന്നേയുള്ളു. അതിന് ഹില്ലരിയല്ലാതെ മറ്റാരെങ്കിലും സ്ഥാനാര്‍ഥിയാവുന്നതാണു നല്ലതെന്ന് ഡെമോക്രാറ്റുകള്‍ക്ക് തെരഞ്ഞെടുപ്പു ഫണ്ടു നല്‍കുന്നവരില്‍ പ്രമുഖനായ റിച്ചാര്‍ഡ് ഹാര്‍പോട്ടിലന്‍ ന്യൂയോര്‍ക്ക് ടൈംസിനോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.