ജലാലുദ്ദീന്‍ ഹഖാനി ഒരുവര്‍ഷം മുമ്പു മരിച്ചെന്നു താലിബാന്‍
ജലാലുദ്ദീന്‍ ഹഖാനി ഒരുവര്‍ഷം മുമ്പു മരിച്ചെന്നു താലിബാന്‍
Saturday, August 1, 2015 11:42 PM IST
ഇസ്ലാമാബാദ്: ഹഖാനി ശൃംഖലയുടെ നേതാവായ കൊടുംഭീകരന്‍ ജലാലുദ്ദീന്‍ ഹഖാനി ഒരു വര്‍ഷംമുമ്പു മരിച്ചെന്ന് താലിബാന്‍ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. ദീര്‍ഘകാലമായി രോഗശയ്യയിലായിരുന്ന ഹഖാനിയുടെ മരണം എവിടെവച്ചാണെന്നു വെളിപ്പെടുത്തിയിട്ടില്ല. കബറടക്കിയത് അഫ്ഗാനിസ്ഥാനിലെ ഖോസ്റ് പ്രവിശ്യയിലാണെന്ന് താലിബാന്‍ അറിയിച്ചു.

താലിബാന്റെ പരമോന്നത നേതാവ് മുല്ലാ ഉമര്‍ ക്ഷയരോഗംമൂലം 2013ല്‍ മരിച്ചെന്നു കഴിഞ്ഞദിവസമാണു താലിബാന്‍ സ്ഥിരീകരിച്ചത്. ഉമറിനു പകരം താലിബാന്‍ നേതാവായി മുല്ലാ അക്തര്‍ മന്‍സൂറിനെയും ഡെപ്യൂട്ടി നേതാവായി സിറാജുദ്ദീന്‍ ഹഖാനിയെയും തെരഞ്ഞെടുത്തെന്നും താലിബാന്‍ വക്താവ് അറിയിക്കുകയുണ്ടായി. സിറാജുദ്ദീന്റെ പിതാവാണ് ജലാലുദ്ദീന്‍ ഹഖാനി.

കാബൂളിലെ ഇന്ത്യന്‍ നയതന്ത്രകേന്ദ്രത്തിനു നേര്‍ക്ക് 2008ല്‍ നടത്തിയ ആക്രമണം ഉള്‍പ്പെടെ നിരവധി ആക്രമണങ്ങള്‍ക്കു ചുക്കാന്‍പിടിച്ചത് ഹഖാനി ശ്ൃംഖലയാണ്. താലിബാനുമായി ബന്ധമുണ്െടങ്കിലും പലപ്പോഴും ഇവര്‍ സ്വന്തംനിലയിലാണ് ആക്രമണം ആസൂത്രണം ചെയ്തിരുന്നത്. അടുത്തകാലംവരെ ഹഖാനി ഗ്രൂപ്പിന്റെ ആസ്ഥാനം പാക്കിസ്ഥാനിലെ നോര്‍ത്ത് വസിറിസ്ഥാനിലായിരുന്നു.


ജലാലുദ്ദീന്റെ പത്തുമക്കളില്‍ മൂന്നു പേര്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഖലീഫാ എന്നുകൂടി അറിയപ്പെടുന്ന സിറാജുദ്ദീന് ഏറെക്കാലംമുമ്പേ ജലാലുദ്ദീന്‍ അധികാരം കൈമാറി. ജലാലുദ്ദീന്റെയും സിറാജുദ്ദീന്റെയും തലകള്‍ക്ക് അമേരിക്ക ഒരുകോടി ഡോളര്‍വീതം വിലയിട്ടിരുന്നു.

മുല്ലാ ഉമറിന്റെയും ജലാലുദ്ദീന്റെയും മരണവാര്‍ത്തകള്‍ താലിബാനും അഫ്ഗാന്‍ സര്‍ക്കാരുമായുള്ള സമാധാനചര്‍ച്ചകളെ ബാധിക്കുമെന്നാണു റിപ്പോര്‍ട്ട്. ഇന്നലെ പാക്കിസ്ഥാനില്‍ നടത്താനിരുന്ന സമാധാനചര്‍ച്ച, മുല്ലാ ഉമറിന്റെ മരണവാര്‍ത്ത അറിഞ്ഞതിനെത്തുടര്‍ന്ന് മാറ്റിവയ്ക്കുകയുണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.