വെസ്റ് ബാങ്കില്‍ യഹൂദതീവ്രവാദി ആക്രമണം; പലസ്തീന്‍ ശിശുവിനെ തീവച്ചുകൊന്നു
വെസ്റ് ബാങ്കില്‍ യഹൂദതീവ്രവാദി ആക്രമണം; പലസ്തീന്‍ ശിശുവിനെ തീവച്ചുകൊന്നു
Saturday, August 1, 2015 11:41 PM IST
വെസ്റ്ബാങ്ക്: അധിനിവേശ വെസ്റ് ബാങ്കില്‍ യഹൂദ തീവ്രവാദികളെന്നു സംശയിക്കുന്നവര്‍ പലസ്തീന്‍വീടിനു തീവച്ചതിനെത്തുടര്‍ന്ന് ഒന്നരവയസുകാരന്‍ വെന്തുമരിച്ചു. അലി സാദ് ദവാബ്ഷാ എന്ന ശിശുവാണു മരിച്ചത്.

അലിയുടെ നാലു വയസുള്ള സഹോദരന്‍ അഹമ്മദ്, മാതാപിതാക്കളായ റഹം, സാദ് എന്നിവര്‍ക്കു ഗുരുതരമായി പരിക്കേറ്റു.ഇവരെ ഹെലികോപ്റ്ററില്‍ ഇസ്രയേലിലെ ആശുപത്രിയിലെത്തിച്ചു.

നാബ്ലസ് നഗരത്തിനു സമീപമുള്ള ദുമാ ഗ്രാമത്തിലെ വീട്ടില്‍ കുടുംബാംഗങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അക്രമം. വീട് പൂര്‍ണമായും കത്തിയമര്‍ന്നു. തൊട്ടടുത്ത വീടുകള്‍ക്കും നാശമുണ്ടായി. വീടിന്റെ ഭിത്തിയില്‍ ഹീബ്രു ഭാഷയില്‍ പ്രതികാരം എന്നു എഴുതിയതായി കാണപ്പെട്ടു.

പലസ്തീന്‍ വീടിനു തീവച്ച സംഭവം ഇസ്രേലി-പലസ്തീന്‍ സംഘര്‍ഷത്തിന് ആക്കം കൂട്ടുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇസ്രേലി സൈന്യം സംഭവസമയത്ത് നഗരത്തിലുണ്ടായിരുന്നു. പലസ്തീന്‍ വീടിനു തീവച്ച സംഭവം ഭീകരപ്രവര്‍ത്തനമാണെന്നു പ്രതികരിച്ച ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹൂ അക്രമികളെ ഉടനടി പിടികൂടാന്‍ സുരക്ഷാ സൈനികര്‍ക്കു നിര്‍ദേശം നല്‍കി. ഒന്നരവയസുള്ള അലി സാദ് ദവാബ്ഷായുടെ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം നെതന്യാഹു ഭരണകൂടത്തിനാണെന്നു പലസ്തീന്‍ വിമോചന മുന്നണി പറഞ്ഞു. പലസ്തീന്‍് മേഖലയിലെ യഹൂദ കുടിയേറ്റക്കാര്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു നേരേ ദശകങ്ങളായി ചെറുവിരല്‍ അനക്കാത്ത ഇസ്രേലി സര്‍ക്കാരിന്റെ നയത്തിന്റെ പരിണതഫലമാണ് നാബ്ലസിലെ ആക്രമണമെന്നു പലസ്തീന്‍ കേന്ദ്രങ്ങള്‍ ആരോപിച്ചു.


ഇതേസമയം സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളില്‍ അസഹിഷ്ണുക്കളായ ചില കുടിയേറ്റക്കാരാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയമുണ്ട്. ബുധനാഴ്ച രമല്ലയ്ക്കു സമീപമുള്ള ബെയ്തിയില്‍ രണ്ട് അനധികൃതകെട്ടിടങ്ങള്‍ ഇസ്രേലി സര്‍ക്കാര്‍ പൊളിച്ചുകളഞ്ഞു. നാബ്ലസില്‍ മറ്റൊരു കുടിയേറ്റ പ്രദേശത്തുനിന്ന് ഒരു ഡസന്‍ യഹൂദരെ പുറത്താക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.