മുല്ല ഉമര്‍ രണ്ടുവര്‍ഷം മുമ്പു മരിച്ചെന്നു റിപ്പോര്‍ട്ട്
മുല്ല ഉമര്‍ രണ്ടുവര്‍ഷം മുമ്പു മരിച്ചെന്നു റിപ്പോര്‍ട്ട്
Thursday, July 30, 2015 12:07 AM IST
കാബൂള്‍: താലിബാന്‍ നേതാവ് മുല്ല ഉമര്‍ കറാച്ചിയിലെ ആശുപത്രിയില്‍ 2013 ഏപ്രിലില്‍ മരിച്ചതായി അഫ്ഗാന്‍ നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയുടെ വക്താവ് അബ്ദുള്‍ ഹസിബ് സിദ്ധിക്കി പറഞ്ഞു. ക്ഷയരോഗമാണു മരണകാരണമെന്നും സൂചനയുണ്ട്. എന്നാല്‍ മുല്ല ഉമറിന്റെ മരണവാര്‍ത്ത അടിസ്ഥാനരഹിതമാണെന്നു താലിബാന്‍ വക്താവ് ഖാരി യൂസഫ് അഹമ്മദി വ്യക്തമാക്കി. ഇതിനുമുമ്പും പലതവണ മുല്ലാ ഉമര്‍ മരിച്ചതായി വാര്‍ത്തകള്‍ വന്നിട്ടുണ്ട്.

താലിബാന്‍ ഭീകരരും അഫ്ഗാന്‍ സര്‍ക്കാരും തമ്മിലുള്ള രണ്ടാംവട്ട സമാധാന ചര്‍ച്ച നാളെ പാക്കിസ്ഥാനില്‍ ആരംഭിക്കാനിരിക്കേയാണ ്ഉമറിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് അഫ്ഗാന്‍ ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്. ഉമറിന്റെ മരണവാര്‍ത്തയില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.


1990മുതല്‍ 2001വരെ താലിബാനാണ് അഫ്ഗാനിസ്ഥാനില്‍ ഭരണം നടത്തിയത്. ഇക്കാലയളവില്‍ ഉസാമ ബിന്‍ ലാദനുമായി മുല്ലാ ഉമര്‍ അടുപ്പത്തിലായി. യുഎസിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് പ്രതികാരമായി അമേരിക്ക അഫ്ഗാനിസ്ഥാനില്‍ ആക്രമണം നടത്തി. ഇതോടെ താലിബാന്‍ ഭരണം അസ്തമിക്കുകയും മുല്ലാ ഉമര്‍ ഒളിവില്‍ പോകുകയും ചെയ്തു. കഴിഞ്ഞ 13 വര്‍ഷമായി അദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.

അഫ്ഗാനിസ്ഥാനില്‍നിന്നു പാക്കിസ്ഥാനിലേക്കു പോയതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഉമറിന്റെ തലയ്ക്ക് അമേരിക്ക ഒരു കോടി ഡോളര്‍ വിലയിട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.