ആഫ്രിക്കന്‍ നേതാക്കള്‍ക്കു ബറാക് ഒബാമയുടെ ശാസന
ആഫ്രിക്കന്‍ നേതാക്കള്‍ക്കു ബറാക് ഒബാമയുടെ ശാസന
Wednesday, July 29, 2015 11:35 PM IST
അഡിസ്അബാബ: കാലാവധി കഴിഞ്ഞിട്ടും സ്ഥാനമൊഴിയാതെ അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന ആഫ്രിക്കന്‍ നേതാക്കള്‍ ജനാധിപത്യത്തിനു വന്‍ ദ്രോഹമാണു ചെയ്യുന്നതെന്നു യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയില്‍ 54 അംഗ ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ആജീവനാന്ത പ്രസിഡന്റാവാന്‍ ആരും ഉദ്യമിക്കരുതെന്ന് ഒബാമ പറഞ്ഞു. പിന്‍ഗാമിക്ക് അധികാരം കൈമാറുന്ന ദിനം താന്‍ ഉറ്റുനോക്കുകയാണെന്നു സ്വന്തം കാര്യം ചൂണ്ടിക്കാട്ടി ഒബാമ പറഞ്ഞു. യുഎസ് ഭരണഘടന പ്രകാരം ഇനി എനിക്കു മത്സരിക്കാനാവില്ല. അമേരിക്കയെ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഇനിയും പലതും ചെയ്യാനുണ്െടന്ന് എനിക്കറിയാം. എന്നാല്‍ നിയമം നിയമമാണ്.

ആരും നിയമത്തിന് അതീതരല്ല-ഒബാമ പറഞ്ഞു.പ്രസിഡന്റ് പദവി ഒഴിഞ്ഞശേഷം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചാണു താന്‍ ചിന്തിക്കുന്നതെന്നും ഒബാമ ചൂണ്ടിക്കാട്ടി. കുടുംബത്തിനായി കൂടുതല്‍ സമയം ചെലവഴിക്കണം. ആഫ്രിക്കയിലേക്ക് കൂടുതല്‍ യാത്രകള്‍ നടത്തണം.

ബറൂണ്ടി പ്രസിഡന്റ് പിയറെ എന്‍ക്രുന്‍സിസാ മൂന്നാംവട്ടവും അധികാരത്തില്‍ തുടരാന്‍ നടത്തിയ ശ്രമങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് ഒബാമ ഇക്കാര്യം പറഞ്ഞത്.


രാജ്യത്തെ ഒന്നിച്ചു നിര്‍ത്താന്‍ തന്റെ സാന്നിധ്യം അനിവാര്യമാണെന്ന് ഏതെങ്കിലും നേതാവു കരുതുന്നുവെങ്കില്‍, രാ ഷ്ട്രനിര്‍മിതിയില്‍ അദ്ദേഹം പരാജയപ്പെട്ടെന്നാണ് അതിനര്‍ഥം. ഏറെക്കാലം അധികാരത്തിലിരുന്നശേഷം സമയമായപ്പോള്‍ സസ ന്തോഷം അധികാരം ഒഴിഞ്ഞ നെല്‍സണ്‍ മണ്േടലയുടെ കാര്യം ഒബാമ അനുസ്മരിച്ചു.

അഴിമതി തുടച്ചു നീക്കാനും ജനാധിപത്യം ശക്തിപ്പെടുത്താനും ആഫ്രിക്കന്‍ നേതാക്കളെ ഉപദേശിച്ച ഒബാമ വിമതശബ്ദം അടിച്ചമര്‍ത്തുന്ന പ്രവണതയ്ക്കെതിരേ മുന്നറിയിപ്പു നല്‍കി. പത്രപ്രവര്‍ത്തകരെ തടങ്കലിലാക്കുകയും പ്രതിപക്ഷത്തിന്റെ സ്വാതന്ത്യ്രം തടയുകയും ചെയ്യുന്ന എത്യോപ്യയുടെ നയം ഒട്ടും ആശാവഹമല്ല.

കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിനും സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിനുമായിരിക്കണം ആഫ്രിക്കന്‍ നേതാക്കള്‍ ശ്രമിക്കേണ്ടത്. സുരക്ഷിതത്വവും സമാധാനവും ഇല്ലാത്ത സ്ഥലങ്ങളില്‍ നിക്ഷേപത്തിനു ബിസിനസുകാര്‍ മടിക്കുമെന്ന കാര്യം വിസ്മരിക്കരുതെന്നും ഒബാമ ഓര്‍മിപ്പിച്ചു. കെനിയയില്‍ ദ്വിദിന പര്യടനത്തിനുശേഷമാണ് ഒബാമ എത്യോപ്യയിലെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.