ജപ്പാന്റെ തീരനഗരങ്ങളെ പിടിച്ചുലച്ച് വന്‍ ഭൂചലനം
ജപ്പാന്റെ തീരനഗരങ്ങളെ പിടിച്ചുലച്ച് വന്‍ ഭൂചലനം
Sunday, May 31, 2015 11:10 PM IST
ടോക്കിയോ: ജപ്പാന്റെ തീരനഗരങ്ങളെ പിടിച്ചുലച്ച് അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് ടോക്കിയോയിലെയും സമീപനഗരങ്ങളിലെയും കെട്ടിടങ്ങള്‍ മിനിറ്റുകള്‍ വിറകൊണ്ടുനിന്നു. ശക്തമായ ഭൂചലനമാണെങ്കിലും സുനാമി സാധ്യതയില്ലെന്ന് പസ ഫിക് സുനാമി മുന്നറിയിപ്പു കേന്ദ്രം അറിയിച്ചു. നാശനഷ്ടങ്ങള്‍ ആദ്യമണിക്കൂറുകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. ഭൌമോപരിതല ത്തില്‍ നിന്ന് 676 കിലോമീറ്റര്‍ താഴെയാണ് പ്രഭവകേന്ദ്രം. ടോക്കിയോയില്‍ നിന്ന് 870 കിലോമീറ്റര്‍ തെക്ക് പസഫിക് സമുദ്രത്തിലെ ഒറ്റപ്പെട്ട മേഖലയാണിതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി.

ആദ്യം ചെറിയചലനമാണ് അനുഭവപ്പെട്ടത്. തൊട്ടുപിന്നാലെ അതിശക്തമായ ഭൂചലനം വന്‍ശബ്ദത്തോടെ അനുഭവപ്പെടുകയായിരുന്നുവെന്ന് പ്രഭവകേന്ദ്രത്തിന് ഏറ്റവുമടുത്ത ജനവാസ കേന്ദ്രമായ ചിചിജാമയിലെ ആളുകള്‍ വാര്‍ത്താമാധ്യമങ്ങളോടു പറഞ്ഞു. ഭൂകമ്പത്തെത്തുടര്‍ന്ന് നാരിതോ വിമാനത്താവളത്തിന്റെ റണ്‍വേകള്‍ താത്കക്കാലികമായി അടച്ചു. പരിശോധനയ്ക്കുവേണ്ടിയാണിത്. ടോക്കിയോയിലേക്കുള്ള വിമാനങ്ങള്‍ കടന്നുപോകുന്ന പ്രധാനകേന്ദ്രമാണിത്. ടോക്കിയോ നഗരത്തിലേക്കുള്ള ട്രെയിനുകളും ഏതാനും മണിക്കൂറുകള്‍ നിര്‍ത്തിയിട്ടു.


നഗരത്തിലെ ഫുട്ബോള്‍ മത്സരങ്ങളും തടസപ്പെട്ടു. ഫുകുഷിമ ആണവനിലയത്തിന് തകരാറൊന്നുമില്ലെന്ന് ടോക്കിയോ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ അറിയിച്ചു. 2011 മാര്‍ച്ചില്‍ ജപ്പാന്റെ വടക്കുപടിഞ്ഞാറന്‍ തീരത്ത് അനുഭവപ്പെട്ട ശക്തമായ ഭൂചലനത്തില്‍ ആയിരങ്ങളാണു കൊല്ലപ്പെട്ടത്. ഫുകുഷിമ ആണവനിലയത്തിനും അന്നു കേടുപാടുകള്‍ പറ്റിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.