മൂന്നു വിമാനറാഞ്ചികളെ പാക്കിസ്ഥാന്‍ തൂക്കിലേറ്റി
മൂന്നു വിമാനറാഞ്ചികളെ  പാക്കിസ്ഥാന്‍ തൂക്കിലേറ്റി
Friday, May 29, 2015 11:30 PM IST
ഇസ്ലാമാബാദ്: പാക് എയര്‍ലൈന്‍സ് വിമാനം 1998 മേയില്‍ റാഞ്ചിയ കേസിലെ മൂന്നു പ്രതികളെ ഇന്നലെ പാക്കിസ്ഥാനില്‍ തൂക്കിലേറ്റി. ഷഹ്സ്വാര്‍ ബലോച്, സബീര്‍ ബലോച് എന്നിവരെ ഹൈദരാബാദ് സെന്‍ട്രല്‍ ജയിലിലും ഷബീര്‍ ബലോചിനെ കറാച്ചി ജയിലിലുമാണു തൂക്കിലേറ്റിയത്. ബലൂചിസ്ഥാന്റെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടാന്‍ രൂപീകരിച്ച ബലൂച് വിദ്യാര്‍ഥി യൂണിയന്‍ അംഗങ്ങളായിരുന്നു മൂവരും.

ബലൂചിസ്ഥാനിലെ തുര്‍ബത്തില്‍നിന്നു കറാച്ചിയിലേക്കു 30 യാത്രക്കാരുമായി പോയ പിഐഎയുടെ ഫോക്കര്‍ വിമാനമാണു റാഞ്ചിയത്. വിമാനം ഇന്ത്യയിലേക്കു കൊണ്ടുപോകാനായിരുന്നു റാഞ്ചികളുടെ പരിപാടി. എന്നാല്‍ പൈലറ്റ് ക്യാപ്റ്റന്‍ ഉസൈര്‍ഖാന്‍ അവരെ സമര്‍ഥമായി കബളിപ്പിച്ചു. ഇന്ത്യയില്‍ ലാന്‍ഡ് ചെയ്യുകയാണെന്നു ധരിപ്പിച്ച് പാക്കിസ്ഥാനിലെ ഹൈദരാബാദ് വിമാനത്താവളത്തിലാണ് പൈലറ്റ് വിമാനം ഇറക്കിയത്.

തുടര്‍ന്ന് സുരക്ഷാസേന വിമാനം വളഞ്ഞ് മൂന്നു റാഞ്ചികളെയും അറസ്റ് ചെയ്തു. 1998 ഓഗസ്റ് 20ന് മൂവരെയും ഹൈദരാബാദ് കോടതി വധശിക്ഷയ്ക്കു വിധിച്ചു. ഉന്നത കോടതികള്‍ അപ്പീല്‍ തള്ളിയതിനെത്തുടര്‍ന്ന് പ്രസിഡന്റിന് ദയാഹര്‍ജി സമര്‍പ്പിച്ചെങ്കിലും അതും നിരസിക്കപ്പെട്ടു. ഇതേത്തുടര്‍ന്നാണ് ഇന്നലെ വധശിക്ഷ നടപ്പാക്കിയത്. വിവിധ കേസുകളില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റു നാലു പേരെക്കൂടി ഇന്നലെ പാക്കിസ്ഥാനില്‍ തൂക്കിലേറ്റിയെന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഷഹിവല്‍, ഹരിപുര, സര്‍ഗോധ, കറാച്ചി ജയിലുകളിലാണ് ഇവരെ തൂക്കിലിട്ടത്.


പെഷവാറിലെ സൈനികസ്കൂളില്‍ താലിബാന്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വധശിക്ഷയ്ക്ക് ഏര്‍പ്പെടുത്തിയ മോറട്ടോറിയം പാക്കിസ്ഥാന്‍ റദ്ദാക്കിയത്. സ്കൂള്‍ ആക്രമണത്തില്‍ 136 പേര്‍ കൊല്ലപ്പെട്ടിരുന്നു. വധശിക്ഷ പുനരാരംഭിച്ച നടപടിയെ മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശിച്ചെങ്കിലും പാക്കിസ്ഥാന്‍ ഗൌനിച്ചില്ല. ഇതിനകം 125 പേരെ തൂക്കിലേറ്റിയെന്നാണു കണക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.