സ്വിസ്ബാങ്ക് നിക്ഷേപം: യാഷ് ബിര്‍ള ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ പട്ടികയില്‍
Wednesday, May 27, 2015 11:51 PM IST
ബെര്‍നെ: ഇന്ത്യയുടെ ആവശ്യപ്രകാരം സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ളവരുടെ കൂടുതല്‍ പേരുവിവരങ്ങള്‍ സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാര്‍ ഇന്നലെ പ്രസിദ്ധപ്പെടുത്തി. ഇവരില്‍ രണ്ടു വനിതകളുമുണ്ട്. മുംബൈ സിറ്റി ലിമോസിന്‍സ് ചിട്ടി അഴിമതിക്കേസിലെ പ്രതിയും പ്രമുഖ വ്യവസായിയുമായ യാഷ് ബിര്‍ളയുള്‍പ്പെടെ അഞ്ചുപേരുടെ അക്കൌണ്ട് വിവരങ്ങളാണു സ്വിസ് സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയത്. ഇന്ത്യയുടെ ആവശ്യപ്രകാരമായിരുന്നു ഇത്.

യാഷ് ബിര്‍ളയെക്കൂടാതെ വേവ് ഗ്രൂപ്പ് ഉടമ ഗുര്‍ജിത് സിംഗ് കോച്ചാര്‍, ഡല്‍ഹിയിലെ വ്യവസായി ഋതിക ശര്‍മ, സൊവ്ഹനി ടയേഴ്സ് ഉടമകളായ സ്നേഹലതാ സൊവ്ഹനി, സംഗീത സൊവ്ഹനി എന്നിവരാണു മറ്റുള്ളവര്‍. ഇവരുടെ സ്വിസ് ബാങ്ക് നിക്ഷേപത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സ്വിസ് ഫെഡറല്‍ ടാക്സ് അഡ്മിനിസ്ട്രേഷന്‍(എഫ്ടിഎ) ഇന്ത്യക്കു കൈമാറിയിട്ടുണ്ട്.

എന്‍ഫോഴ്സ്മെന്റ് അധികൃതരുടെ നിര്‍ദേശത്തെത്തുടര്‍ന്നു യാഷ് ബിര്‍ളയുള്‍പ്പെടെ അഞ്ചുപേരുടെ അക്കൌണ്ട് സ്വിസ് സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. കള്ളപ്പണനിക്ഷേപമുള്ളവരില്‍ എച്ച്എസ്ബിസി ബാങ്കില്‍നിന്നു ചോര്‍ന്ന പേരുകളില്‍ യാഷ് ബിര്‍ളയുടെ പേരുണ്ടായിരുന്നു. എന്നാല്‍, ഇതേക്കുറിച്ചു പ്രതികരിക്കാന്‍ ബിര്‍ള തയാറായിരുന്നില്ല. നിക്ഷേപകരില്‍നിന്നു കോടിക്കണക്കിനു രൂപ നികുതിവെട്ടിച്ചു സ്വന്തമാക്കിയെന്ന കേസിലാണു യാഷ് ബിര്‍ളയ്ക്കെതിരേ അന്വേഷണം നടക്കുന്നത്. സിറ്റി ലിമോസിന്‍സ് ഉടമ ചൌദ് കൌസര്‍ മുഹമ്മദ് മസൂദിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.


അക്കൌണ്ട് ഉള്ളവരുടെ പേരും ജനനത്തീയതിയും മാത്രമാണു പ്രസിദ്ധപ്പെടുത്തിയത്. ബ്രിട്ടീഷ്, സ്പാനിഷ്, റഷ്യന്‍ പൌരന്മാരുടെ പൂര്‍ണ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അമേരിക്കന്‍, ഇസ്രയേല്‍ പൌരന്മാരുടെ പേരുകള്‍ പൂര്‍ണരൂപത്തില്‍ പ്രസിദ്ധപ്പെടുത്തുന്നതു തടഞ്ഞുവയ്ക്കപ്പെട്ടിട്ടുണ്ട്.

പേരുവിവരങ്ങള്‍ പുറത്തുവിടുന്നതിനെതിരേ ഫെഡറല്‍ കോടതിയില്‍ ഇവര്‍ക്ക് അപ്പീല്‍ നല്കാമെന്നു സ്വിസ് ഫെഡറല്‍ ടാക്സ് അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ പ്രകാരമാണിത്.

നികുതിവെട്ടിച്ചു സ്വിസ് ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നികുതി വെട്ടിച്ചുവെന്നതിനു തെളിവു നല്കണമെന്നാണു സ്വിസ് സര്‍ക്കാര്‍ ഇന്ത്യയെ അറിയിച്ചത്. പരാതികള്‍ കുന്നുകൂടിയതോടെയാണു അക്കൌണ്ടുള്ളവരുടെ പേരുവിവരങ്ങള്‍ സ്വിസ് സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.