റമാദിയിലും പല്‍മീറയിലും ഐഎസിനെതിരേ ആക്രമണം
Wednesday, May 27, 2015 11:24 PM IST
ബാഗ്ദാദ്: അന്‍ബാര്‍ പ്രവിശ്യാ തലസ്ഥാനമായ റമാദി ഐഎസിന്റെ കൈയില്‍നിന്നു തിരിച്ചുപിടിക്കാനായി ഇറാക്ക് സൈന്യം ആക്രമണം ആരംഭിച്ചു. അയല്‍രാജ്യമായ സിറിയയില്‍ ഐഎസ് കൈയടക്കിയ പുരാതന പല്‍മീറ നഗരത്തില്‍ സിറിയന്‍ യുദ്ധവിമാനങ്ങള്‍ 160 കേന്ദ്രങ്ങളില്‍ ഇന്നലെ ആക്രമണം നടത്തിയെന്ന് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പല്‍മീറയില്‍ കുറഞ്ഞത് 50 ഭീകരര്‍ കൊല്ലപ്പെട്ടു.

ഇറാക്കി നഗരമായ റമാദിയുടെ തെക്കും പടിഞ്ഞാറും മേഖലകളില്‍ ഇറാക്ക് സൈന്യം ആക്രമണം ആരംഭിച്ചതായി അന്‍ബാറിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ടു ചെയ്തു. ഇതേസമയം തന്നെ റമാദിയില്‍ വ്യോമാക്രമണവും ശക്തമാക്കി.

ഇറാക്കി സൈനികരും ഷിയ പോരാളികളും സംയുക്തമായാണ് റമാദി പിടിക്കാന്‍ നീക്കം നടത്തുന്നത്. ഈ മാസം 17നാണ് റമാദി ഐഎസിന്റെ നിയന്ത്രണത്തിലായത്. റമാദി വീണതിനെത്തുടര്‍ന്ന് ഇറാക്കും അമേരിക്കയും പരസ്പരം ചെളിവാരിയെറിയല്‍ ആരംഭിച്ചു. ഐഎസിനെ നേരിടാന്‍ ഇറാക്കിന് ഇച്ഛാശക്തിയില്ലെന്ന അമേരിക്കയുടെ ആരോപണത്തെ ഇറാക്ക് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ഖണ്ഡിച്ചു.

യുഎസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടറാണ് ഇറാക്കിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാവും കാര്‍ട്ടര്‍ ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്ന് ഇറാക്കി അധികൃതര്‍ പറഞ്ഞു. ഐഎസിനെ ഒതുക്കാന്‍ അമേരിക്കയ്ക്ക് ഉദ്ദേശ്യമില്ലെന്ന് ഇറാനിലെ ഷിയാഭരണകൂടം ആരോപിച്ചു.


റമാദി തിരിച്ചുപിടിക്കാനുള്ള യുദ്ധത്തില്‍ ഷിയാ പോരാളികളെ പങ്കെടുപ്പിക്കുന്നതിനെതിരേ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. സുന്നികളാണ് അന്‍ബാര്‍ പ്രവിശ്യയിലും റമാദിയിലും ഭൂരിപക്ഷം. ഷിയാകള്‍ പോരാട്ടത്തിനിറങ്ങുന്നത് വിഭാഗീയത വളര്‍ത്തുമെന്നാണ് ആശങ്ക. റമാദിയില്‍നിന്ന് ജനങ്ങള്‍കൂട്ടപ്പലായനം ആരംഭിച്ചതും പ്രശ്നം സങ്കീര്‍ണമാക്കി. ഇതിനകം ആയിരങ്ങള്‍ നഗരംവിട്ടുവെന്നാണു കണക്ക്.

സിറിയയിലെ പൈതൃക നഗരമായ പല്‍മീറ ഈ മാസം 22നാണ് ഐഎസ് പിടിച്ചത്. ഭീകരര്‍ 300 സൈനികര്‍ ഉള്‍പ്പെടെ 700 പേരെ വകവരുത്തി.

പല്‍മീറയില്‍ സിറിയന്‍ യുദ്ധവിമാനങ്ങള്‍ തിങ്കളാഴ്ച 15 തവണ ആക്രമണം നടത്തിയിരുന്നു. ഇന്നലെ നടത്തിയ 160 ആക്രമണങ്ങളില്‍ കുറഞ്ഞത് 50 ഭീകരര്‍ക്കു ജീവഹാനി നേരിട്ടു. പല്‍മീറയ്്ക്കു പുറമേ ഹോംസ് പ്രവിശ്യയിലെ വിവിധ കേന്ദ്രങ്ങളിലും വ്യോമാക്രമണം നടന്നു. ഡമാസ്കസിലെ യാര്‍മക്ക് ഡിസ്ട്രിക്ടില്‍ സിറിയന്‍ ഹെലികോപ്റ്ററുകള്‍ ബാരല്‍ ബോംബുകള്‍ ഇട്ടതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.