പല്‍മീറയില്‍ സിറിയ വ്യോമാക്രമണം തുടങ്ങി
Tuesday, May 26, 2015 11:29 PM IST
ഡമാസ്കസ്: ഐഎസ് കൈയടക്കിയ പുരാതന പല്‍മീറ നഗരം തിരിച്ചുപിടിക്കുന്നതിന് സിറിയന്‍സൈന്യം നീക്കം ആരംഭിച്ചു. ഇന്നലെ പല്‍മീറയില്‍ സിറിയന്‍ യുദ്ധവിമാനങ്ങള്‍ 15 തവണ ബോംബാക്രമണം നടത്തി. ഭീകരര്‍ കൈയടക്കിയ പ്രമുഖ കെട്ടിടങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പല്‍മീറയിലെ മ്യൂസിയത്തിലെ പുരാതന ശില്പങ്ങളില്‍ പലതും ഭീകരര്‍ എത്തുന്നതിനു മുമ്പേ സൈന്യം മാറ്റിയിരുന്നു. എന്നാല്‍ റോമന്‍ കാലഘട്ടത്തിലെ പല ചരിത്രസ്മാരകങ്ങളും ഐഎസ് നശിപ്പിച്ചേക്കുമെന്ന് ആശങ്കയുയര്‍ന്നിട്ടുണ്ട്.

പല്‍മീറ പിടിച്ച ഐഎസ് ഭീകരര്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 400 പേരെ വകവരുത്തിയതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഐഎസുമായി നടന്ന പോരാട്ടത്തില്‍ 300 സിറിയന്‍ സൈനികര്‍ക്കും ജീവഹാനി നേരിട്ടു. സിറിയന്‍ സൈനികരും സൈനികരെ അനുകൂലിക്കുന്നവരുമുള്‍പ്പെടെ 600ല്‍ അധികം പേരെ ഐഎസ് തടവിലാക്കിയിട്ടുണ്െടന്ന് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി അറിയിച്ചു. ഐഎസ് ഭീകരര്‍ പല്‍മീറയില്‍ വീടുവീടാന്തരം തെരച്ചില്‍ നടത്തുന്നതിന്റെയും പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെയും അദ്ദേഹത്തിന്റെ പിതാവിന്റെയും ചിത്രങ്ങള്‍ വലിച്ചുതാഴെയിടുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്.


അയല്‍രാജ്യമായ ഇറാക്കിലെ റമാദി നഗരം കീഴടക്കി ദിവസങ്ങള്‍ക്കകമാണ് സിറിയയിലെ പല്‍മീറയില്‍ ഐഎസ് വിജയക്കൊടി നാട്ടിയത്. പല്‍മീറ വീണത് ഇസ്്ലാമിക് സ്റേറ്റിന് എതിരേയുള്ള യുദ്ധത്തില്‍ നേരിട്ട തിരിച്ചടിയാണെന്ന് വൈറ്റ്ഹൌസ് സമ്മതിച്ചു. എന്നാല്‍ ഐഎസിനെതിരേ പോരാടാന്‍ കരസേനയെ അയയ്ക്കണമെന്ന റിപ്പബ്ളിക്കന്മാരുടെ ആവശ്യത്തെ പ്രസിഡന്റ് ഒബാമ അനുകൂലിക്കുന്നില്ലെന്നു വൈറ്റ്ഹൌസ് വക്താവ് ജോഷ് ഏണസ്റ് വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.