പോലീസുകാരനെ കുറ്റവിമുക്തനാക്കി: ക്ളീവ്ലാന്‍ഡില്‍ വന്‍ പ്രക്ഷോഭം
Monday, May 25, 2015 11:56 PM IST
ക്ളീവ്ലാന്‍ഡ്: രണ്ടു കറുത്തവര്‍ഗക്കാരെ 2012ല്‍ വെടിവച്ചു കൊന്ന കേസില്‍ പ്രതിയായ വെള്ളക്കാരനായ പോലീസ് ഓഫീസറെ കുറ്റവിമുക്തനാക്കിയ കോടതി നടപടിയില്‍ പ്രതിഷേധിച്ച് അമേരിക്കയിലെ ക്ളീവ്ലാന്‍ഡില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു.

മൈക്കല്‍ ബ്രെലോ(31) എന്ന പോലീസ് ഉദ്യോഗസ്ഥനെയാണു വെറുതേ വിട്ടത്. കറുത്തവര്‍ഗക്കാരായ തിമോത്തി റസല്‍, മെലീസ വില്ല്യംസ് എന്നിവരാണ് കൊല്ലപ്പെട്ടത്. ബ്രെലോയ്ക്കു പുറമേ വെടിവയ്പില്‍ പങ്കെടുത്ത മറ്റ് അഞ്ചു പേര്‍ക്ക് എതിരേകൂടി കേസെടുത്തിരുന്നു. ഇവരുടെ വിചാരണ ജൂലൈയില്‍ ആരംഭിക്കും.


റസലും മെലീസയും സഞ്ചരിച്ച കാറില്‍നിന്നു വെടിശബ്ദം കേട്ടെന്ന് ആരോപിച്ചാണ് പോലീസ് അവരെ പിന്തുടര്‍ന്നത്. 13 ഓഫീസര്‍മാര്‍ 137 റൌണ്ട് വെടിവച്ചു. കറുത്തവര്‍ഗക്കാരോടു യുഎസ് പോലീസ് വിവേചനം കാട്ടുന്നുവെന്ന ആരോപണം ശക്തമായിരിക്കെയാണ് ബ്രെലോ കേസിലെ വിധി വന്നത്. ക്ളീവ്ലാന്‍ഡിലുണ്ടായ പ്രക്ഷോഭങ്ങളില്‍ ഇതേവരെ 71 പേരെ അറസ്റു ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.