റോയ്ക്കെതിരേ പാക് സൈന്യം
Thursday, May 7, 2015 12:04 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഭീകരപ്രവര്‍ത്തനത്തിന് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ശ്രമിക്കുന്നതായി പാക് ആരോപണം. പാക്കിസ്ഥാന്‍ സൈന്യത്തിലെ കമാന്‍ഡര്‍മാരുടെ യോഗത്തില്‍ റോയുടെ ഇടപെടലിനെപ്പറ്റി ഗൌരവമായ പരാമര്‍ശം ഉണ്ടായെന്നു സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചു.

റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയാണ് ഇതു റിപ്പോര്‍ട്ട് ചെയ്തത്. ബലൂചിസ്ഥാനിലെ വിഭജനവാദികളെയും കറാച്ചിയിലെ കലാപകാരികളെയും ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നതായി പാക്കിസ്ഥാന്‍ കരുതുന്നുവെന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. റോ ഒരു ശത്രുസംഘമാണെന്നു പാക് പ്രതിരോധമന്ത്രി ക്വാജാ ആസിഫ് പിന്നീട് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു. പാക്കിസ്ഥാനെ വിഭജിക്കാന്‍ ഉണ്ടാക്കിയതാണു റോയെ. ഇപ്പോള്‍ പാക്കിസ്ഥാനെ ഭൂപടത്തില്‍നിന്ന് ഇടിച്ചുനീക്കാനാണു റോയുടെ ശ്രമം: ആസിഫ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.