അഴിമതിക്കേസില്‍ ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് രാജപക്സെയ്ക്കു സമന്‍സ്
Tuesday, April 21, 2015 10:25 PM IST
കൊളംബോ:അഴിമതിക്കേസില്‍ മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെയ്ക്ക് അന്വേഷണ കമ്മീഷന്‍ സമന്‍സ് അയച്ചു. വ്യാഴാഴ്ച കമ്മീഷന്‍ മുമ്പാകെ ഹാജരാവാനാണു നിര്‍ദേശം.

തെരഞ്ഞെടുപ്പിനു മുമ്പ് പ്രതിപക്ഷ എംപി ടിസ അറ്റനായകെയെ കൂറുമാറ്റാന്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ എടുത്തെന്ന ആരോപണത്തെക്കുറിച്ചാണ് അന്വേഷിക്കുന്നത്. തെരഞ്ഞെടുപ്പില്‍ സിരിസേനയോടു രാജപക്സെ പരാജയപ്പെട്ടു.

അധികാരത്തില്‍ എത്തിയതിനെത്തുടര്‍ന്ന് സിരിസേന രാജപക്സെയുടെ വിശ്വസ്തര്‍ക്കെതിരേ നിരവധി അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ടു. എന്നാല്‍ മുന്‍ പ്രസിഡന്റിനെ അന്വേഷണ കമ്മീഷന്‍ സമന്‍സ് അയച്ചു വിളിപ്പിക്കുന്നത് ഇതാദ്യമാണ്.രാജപക്സെയ്ക്കു സമന്‍സയച്ച പ്രശ്നത്തില്‍ സ്പീക്കര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അനുയായികളായ എംപിമാര്‍ ഇന്നലെ പാര്‍ലമെന്റില്‍ ബഹളം വച്ചു. മുന്‍ പ്രസിഡന്റിനെ ഭരണപരമായ നടപടികളുടെ പേരില്‍ ചോദ്യം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്ന് രാജപക്സെയുടെ പീപ്പിള്‍സ് അലയന്‍സിലെ നിമല്‍ സിരിപാല ഡി സില്‍വ പ റഞ്ഞു. ബഹളത്തെത്തുടര്‍ന്നു സ്പീക്കര്‍ ചമല്‍ രാജപക്സെ ഒരു ദിവസത്തേക്ക് സഭനിര്‍ത്തിവച്ചു. മ ഹിന്ദ രാജപക്സെയുടെ മൂത്ത സ ഹോദരനാണ് ചമല്‍. മറ്റൊരു സ ഹോദരനും അദ്ദേഹത്തിന്റെ ഭരണകൂടത്തില്‍ പ്രതിരോധ സെക്രട്ടറിയുമായിരുന്ന ഗോതബ്യയോട് നാളെ ഹാജരാവാനും അഴിമതിനിരോധന കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.