ഇന്ധനം തീരും, മെസഞ്ചര്‍ ബുധഗ്രഹത്തില്‍ മരിച്ചുവീഴും
ഇന്ധനം തീരും, മെസഞ്ചര്‍ ബുധഗ്രഹത്തില്‍ മരിച്ചുവീഴും
Saturday, April 18, 2015 10:47 PM IST
വാഷിംഗ്ടണ്‍: ബുധഗ്രഹത്തെ ചുറ്റിസഞ്ചരിക്കുന്ന മെസഞ്ചര്‍ എന്ന ഉപഗ്രഹം ഈമാസം 30-ന് മരിച്ചു വീഴും. ഇന്ധനം തീരുന്നതിനെത്തുടര്‍ന്നാണ് നാസയുടെ ഈ ഉപഗ്രഹം മരിക്കുന്നത്. മണിക്കൂറില്‍ 14082 കിലോമീറ്റര്‍ വേഗത്തിലാകും ഇത് ബുധനില്‍ ചെന്നിടിക്കുക.

2004-ല്‍ വിക്ഷേപിക്കപ്പെട്ട മെസഞ്ചര്‍ 2011 മാര്‍ച്ച് 18 മുതല്‍ ബുധനെ ചുറ്റുന്നു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയുടെ അപ്ളൈഡ് ഫിസിക്സ് ലബോറട്ടറിയാണ് മെസഞ്ചറിനെ നിയന്ത്രിക്കുന്നത്. ഭ്രമണപഥത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി ആയുസ് അല്പം വര്‍ധിപ്പിക്കാന്‍ ശ്രമമുണ്ട്. ഏപ്രില്‍ 24-ന് ഉപഗ്രഹത്തിലെ ഹീലിയം ഇന്ധനം തീരും. പിന്നീട് സൂര്യന്റെ ആകര്‍ഷണബലത്തെ അതിജീവിക്കാന്‍ അതിനു കഴിയില്ല. ഏപ്രില്‍ 30-നു ബുധഗ്രഹത്തില്‍ ഭൂമിയില്‍നിന്നു ദൃശ്യമല്ലാത്ത വശത്താകും ഉപഗ്രഹം ചെന്നിടിക്കുക.


ഈ മരണവും ശാസ്ത്രലോകത്തിനു നേട്ടമാകും. മെസഞ്ചര്‍ പതിക്കുന്നിടത്തുണ്ടാകുന്ന കുഴി ഒട്ടേറെ വിവരങ്ങള്‍ നല്‍കും. പതിച്ച വസ്തുവിന്റെ ഭാരവും വലിപ്പവും പതനസമയവും അറിയാം. അവ വച്ച് കുഴി വിശകലനം ചെയ്താല്‍ ധാരാളം വിവരങ്ങള്‍ മനസിലാക്കാനാവും. സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹമായ ബുധന്റെ ഉപരിതല ഊഷ്മാവ് 427 ഡിഗ്രി സെല്‍ഷ്യസ് വരെയാകാം.

എന്നാല്‍ സ്ഥിരമായി നിഴലില്‍ കഴിയുന്ന ധ്രുവമേഖലയില്‍ മഞ്ഞുകട്ടികള്‍ ഉള്ളതായി മെസഞ്ചര്‍ കണ്െടത്തിയിരുന്നു. ഇങ്ങനെ ജലസാന്നിധ്യമുള്ള ഗ്രഹത്തില്‍ ജൈവതന്മാത്രകളുടെ ഒരു ആവരണം ധ്രുവപ്രദേശത്തുണ്െടന്നാണ് നിഗമനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.