വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ടവര്‍ മഹനീയ മാതൃക: മാര്‍പാപ്പ
വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ടവര്‍ മഹനീയ മാതൃക: മാര്‍പാപ്പ
Monday, March 30, 2015 11:35 PM IST
വത്തിക്കാന്‍ സിറ്റി: അചഞ്ചലമായ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ട സഹോദരങ്ങള്‍ കത്തോലിക്കാ സഭയ്ക്കു മഹനീയമായ മാതൃകകളാണെന്നു ഫ്രാന്‍സീസ് മാര്‍പാപ്പ. ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഓശാന ഞായര്‍ തിരുക്കര്‍മങ്ങള്‍ക്കു മധ്യേ പ്രസംഗിക്കവെയാണു മാര്‍പാപ്പ കഴിഞ്ഞ മാസം ലിബിയയില്‍ ഐഎസ് ഭീകരരുടെ ക്രൂരതയ്ക്ക് ഇരകളായി കഴുത്തറത്തു കൊല്ലപ്പെട്ട 21 ഈജിപ്തുകാരായ കോപ്റ്റിക് ക്രിസ്ത്യാനികളുടെ വിശ്വാസ തീക്ഷ്ണതയെക്കുറിച്ചും അവരുടെ ധീര രക്തസാക്ഷിത്വത്തെക്കുറിച്ചും സൂചിപ്പിച്ചത്. ഓശാന തിരുക്കര്‍മങ്ങളില്‍ സംബന്ധിക്കാന്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നു വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തിയ വിശ്വാസികള്‍ക്ക് മാര്‍പാപ്പ ആശീര്‍വാദം നല്‍കി.


നേരത്തെ നടന്ന വര്‍ണശബളമായ കുരുത്തോല പ്രദക്ഷിണത്തില്‍ മാര്‍പാപ്പ വിശ്വാസികള്‍ക്കൊപ്പം പങ്കുചേര്‍ന്നു. പെസഹാ വ്യാഴാഴ്ച റോമിലെ ജയിലില്‍ തടവുകാരുടെ കാലുകള്‍ കഴുകി ചുംബിക്കും. ദുഃഖവെള്ളിയാഴ്ച കൊളോസിയത്തിനു ചുറ്റുമുള്ള കുരിശിന്റെ വഴിക്കും മാര്‍പാപ്പ നേതൃത്വം നല്‍കും. ഈസ്റര്‍ ദിനത്തില്‍ നഗരത്തിനും ലോകത്തിനുമുള്ള പ്രത്യേക സന്ദേശം നല്‍കും.

കഴിഞ്ഞമാസം വിശുദ്ധ കുര്‍ബാനയ്ക്കിടെ പ്രസംഗിച്ചപ്പോഴും മാര്‍പാപ്പ കൂട്ടക്കുരുതിയില്‍ വേദന പ്രകടിപ്പിച്ചിരുന്നു. വര്‍ത്തമാനകാലത്തെ രക്തസാക്ഷികളാണ് അവര്‍. മധ്യേഷ്യയില്‍ വര്‍ധിച്ചു വരുന്ന ഇസ്ലാമിക് സ്റേറ്റ് തീവ്രവാദി അക്രമത്തില്‍ അദ്ദേഹം കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.