ജര്‍മന്‍ വിമാനാപകടം: സഹപൈലറ്റിനു വിഷാദരോഗമെന്നു റിപ്പോര്‍ട്ട്
ജര്‍മന്‍ വിമാനാപകടം: സഹപൈലറ്റിനു വിഷാദരോഗമെന്നു റിപ്പോര്‍ട്ട്
Saturday, March 28, 2015 11:10 PM IST
ഡ്യൂസല്‍ഡോര്‍ഫ്: ഫ്രാന്‍സിലെ ആല്‍പ്സ് പര്‍വതത്തില്‍ തകര്‍ന്നുവീണ ജര്‍മന്‍വിംഗ്സ് വിമാനം നിയന്ത്രിച്ചിരുന്ന സഹപൈലറ്റ് വിഷാദരോഗത്തിന് അടിമയായിരുന്നെന്ന് അന്വേഷണസംഘവും എയര്‍ലൈന്‍സ് അധികൃതരും സ്ഥിരീകരിച്ചു.

തകര്‍ന്ന വിമാനത്തില്‍നിന്നു ലഭിച്ച ബ്ളാക്ക് ബോക്സിലെ വിവരങ്ങള്‍ അനുസരിച്ച് കോക്പിറ്റില്‍നിന്ന് പുറത്തിറങ്ങിയ പൈലറ്റിനെ തിരികെ പ്രവേശിപ്പിക്കാന്‍ സഹ പൈലറ്റ് ആന്‍ഡ്രിയാസ് ലുബിറ്റ്സ് (27) അനുവദിച്ചില്ലെന്ന് അന്വേഷണസംഘം കണ്െടത്തിയിട്ടുണ്ട്.

30,000 അടി ഉയരത്തില്‍നിന്നു വിമാനം അപകടകരമാംവിധം താഴ്ത്തി ആല്‍പ്സില്‍ ഇടിച്ചിറക്കിയതിനെത്തുടര്‍ന്നു വിമാനത്തിലുണ്ടായിരുന്ന 150 പേരും കൊല്ലപ്പെട്ടു. ആത്മഹത്യയോ കൂട്ടക്കൊലയോ ആണ് സഹപൈലറ്റ് ഉദ്ദേശിച്ചതെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

കുറ്റകൃത്യം, വിഭ്രാന്തി, ആത്മഹത്യ എന്നിവയില്‍ ഏതെന്നു വിവരിക്കാന്‍ സാധിക്കാത്ത പ്രവൃത്തിയാണു ജര്‍മന്‍വിംഗ്സ് വിമാനത്തിന്റെ സഹപൈലറ്റ് ചെയ്തതെന്നു ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാള്‍സ് പറഞ്ഞു. ലുബിറ്റ്സ് പൂര്‍ണ ആരോഗ്യവാനായിരുന്നെന്നും മാതാപിതാക്കള്‍ക്കൊപ്പം മോന്റബറിലാണു താമസിച്ചിരുന്നതെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

എന്നാല്‍, 2009 മുതല്‍ ഇയാള്‍ വിഷാദരോഗത്തിനടിമയായിരുന്നെന്നും ഇപ്പോഴും മരുന്നുകള്‍ കഴിക്കാറുണ്െടന്നും ജര്‍മനിയുടെ എയര്‍ ട്രാന്‍സ്പോര്‍ട്ട് റെഗുലേറ്റര്‍ എല്‍ബിഎ രേഖകളെ അടിസ്ഥാനമാക്കി ബില്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ജര്‍മന്‍ വിംഗ്സിന്റെ മാതൃ കമ്പനിയായ ലുഫ്താന്‍സയാണ് എല്‍ബിഎയ്ക്കു ഇതുസംബന്ധിച്ച രേഖകള്‍ കൈമാറിയതെന്നും പത്രം വ്യക്തമാക്കി. കാമുകിയുമായി പിരിഞ്ഞ ലുബിറ്റ്സ് അടുത്തിടെയായി കടുത്ത മാസിക പ്രതിസന്ധിയിലായിരുന്നെന്നും വാര്‍ത്തയുണ്ട്.


ലുബിറ്റ്സിന്റെ ഡ്യൂസല്‍ഡോര്‍ഫിലെ വസതിയിലും മാതാപിതാക്കളുടെ വസതിയിലും അന്വേഷണ സംഘം തെരച്ചില്‍ നടത്തി. ലുബിറ്റ്സിന് വിഷാദരോഗമുണ്െടന്നതിന്റെ തെളിവുകള്‍ ഡ്യൂസല്‍ഡോര്‍ഫിലെ വീട്ടില്‍നിന്നു ലഭിച്ചിട്ടുണ്ട് ഒരു ഓണ്‍ലൈന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

2008 ല്‍ ലുഫ്താന്‍സയില്‍ പൈലറ്റ് ട്രെയിനിംഗിനു ചേര്‍ന്ന ലുബിറ്റിസിനെ സസ്പെന്‍ഡ് ചെയ്തിരുന്നെങ്കിലും പിന്നീട് യോഗ്യത നേടിയതിനെത്തുടര്‍ന്ന് 2013 ല്‍ വീണ്ടും ചേരുകയായിരുന്നെന്ന് സിഇഒ കാര്‍സ്റന്‍ സ്പോര്‍ പറഞ്ഞു.

കോക്പിറ്റ് കോടാലി കൊണ്ട് വെട്ടിപ്പൊളിക്കാന്‍ പൈലറ്റ് ശ്രമിച്ചു

ബെര്‍ലിന്‍:: ആല്‍പ്സില്‍ തകര്‍ന്നുവീണ ജര്‍മന്‍വിംഗ്സ് വിമാനത്തിലെ പൈലറ്റ് അപകടത്തിനു തൊട്ടുമുമ്പ് കോടാലികൊണ്ടു കോക്പിറ്റ് വെട്ടിപ്പൊളിക്കാന്‍ ശ്രമിച്ചെന്നു ജര്‍മന്‍ പത്രം. വിമാനത്തിന്റെ കോക്പിറ്റില്‍നിന്നു പുറത്തിറങ്ങിയ പൈലറ്റിനെ അകത്തുകടക്കാന്‍ അനുവദിക്കാതെ വാതില്‍ അടച്ച സഹപൈലറ്റ് വിമാനം മനഃപൂര്‍വം ആല്‍പ്സില്‍ ഇടിച്ചിറക്കുകയായിരുന്നെന്നും റിപ്പോര്‍ട്ട് ഉണ്ട്.

സുരക്ഷാ ഉപകരണങ്ങള്‍ക്കൊപ്പം വിമാനത്തില്‍ ഒരു കോടാലിയും ഉണ്ടായിരുന്നതായി ബില്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തില്‍ സുരക്ഷാ ഉപകരണങ്ങളുടെ കൂടെ കോടാലിയും ഉണ്ടായിരുന്നതായി ജര്‍മന്‍വിംഗ്സ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.