മഹാവിസ്ഫോടനം ഇല്ലെന്നും പ്രപഞ്ചം അനാദിയെന്നും
മഹാവിസ്ഫോടനം ഇല്ലെന്നും പ്രപഞ്ചം അനാദിയെന്നും
Friday, March 6, 2015 11:06 PM IST
വാഷിംഗ്ടണ്‍: 'മഹാവിസ്ഫോടനം ഇല്ലായിരുന്നു. പ്രപഞ്ചം എപ്പോഴും ഇങ്ങനെതന്നെ ആയിരുന്നു. പ്രപഞ്ചം അനാദിയാണ്'. പ്രപഞ്ചത്തെപ്പറ്റിയുള്ള ഏറ്റവും പുതിയ സിദ്ധാന്തം ഇങ്ങനെ വിപ്ളവകരമായ ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു. ഒരു ഇന്ത്യക്കാരനടക്കം മൂന്നു സൈദ്ധാന്തിക ഭൌതികശാസ്ത്രജ്ഞരാണ് ഇത് അവതരിപ്പിച്ചത്.

പ്രപഞ്ചം അനന്തമാണെന്നാണു തങ്ങളുടെ സിദ്ധാന്തം പറയുന്നതെന്ന് ഇവരിലൊരാളായ ശൌര്യ ദാസ് പറയുന്നു. കാനഡയില്‍ ആല്‍ബര്‍ട്ടയിലുള്ള യൂണിവേഴ്സിറ്റി ഓഫ് ലെത്ബ്രിഡ്ജില്‍ പ്രഫസറാണ് അദ്ദേഹം.

1380 കോടി വര്‍ഷം മുമ്പ് ദ്രവ്യവും കാലവും എല്ലാം ഒന്നുചേര്‍ന്ന സിംഗുലാരിറ്റി എന്നു ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്ന ഒരു സൂക്ഷ്മബിന്ദു പൊട്ടിത്തെറിച്ചാണ് പ്രപഞ്ചം ഉണ്ടായതെന്നാണ് മഹാവിസ്ഫോടന സിദ്ധാന്തം പറയുന്നത്. ഐന്‍സ്റൈന്റെ പൊതു ആപേക്ഷികതാ സിദ്ധാന്തവും ചില ഗണിതസമവാക്യങ്ങളും ഒക്കെ ചേര്‍ത്താണ് ഈ നിഗമനത്തിലെത്തിയത്. പൊതു ആപേക്ഷികതാ സിദ്ധാന്തത്തിലെ സമവാക്യങ്ങള്‍പ്രകാരം എത്തിച്ചേരുന്നത് ഹോക്കിംഗ്-പെന്‍റോസ് സിംഗുലാരിറ്റിയിലാണ്. (സ്റീഫന്‍ ഹോക്കിംഗും റോജര്‍ പെന്‍റോസും ചേര്‍ന്ന് ആവിഷ്കരിച്ചതാണിത്). കോല്‍ക്കത്ത പ്രസിഡന്‍സി കോളജിലെ അമല്‍ കെ.റായ്ചൌധരി ആവിഷ്കരിച്ച റായ്ചൌധരി സമവാക്യവും ഈ സിദ്ധാന്തത്തിന്റെ രൂപവത്കരണത്തില്‍ വലിയപങ്കു വഹിച്ചു.


എന്നാല്‍, റായ്ചൌധരി സമവാക്യവും ഐന്‍സ്റൈന്റെ സമവാക്യങ്ങളും ക്വാണ്ടം ബലതന്ത്രത്തിലെ മറ്റു ചില വഴികള്‍ ചേര്‍ത്തു പരിശോധിച്ചപ്പോഴാണ് ശൌര്യദാസിന്റെ സംഘം പുതിയ നിഗമനത്തിലെത്തിയത്. അതുപ്രകാരം കാലവും ദ്രവ്യ

വും ഒന്നിക്കുന്ന സിംഗുലാരിറ്റി ഉണ്ടാകുന്നില്ല. പ്രാരംഭ ബിന്ദു ഇല്ലെങ്കില്‍ പ്രപഞ്ചം അനാദിയും അനന്തവുമാണ് എന്നത്രേ ഇവരുടെ നിഗമനം.

ഇവരുടെ പ്രബന്ധം ഫിസിക്കല്‍ ലെറ്റേഴ്സ് എന്ന ശാസ്ത്രജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു. തമോദ്രവ്യവും തമോ ഊര്‍ജവും സംബന്ധിച്ച പുതിയ നിഗമനങ്ങളിലേക്കും ഇവരുടെ പഠനം വഴിതെളിച്ചു. ആപേക്ഷികതാ സിദ്ധാന്തത്തിനും ക്വാണ്ടം ഭൌതികശാസ്ത്രത്തിനും വിശദീകരിക്കാന്‍ കഴിയാതിരുന്ന ചില കാര്യങ്ങള്‍ പുതിയ സമവാക്യങ്ങളിലൂടെ വിശദീകരിക്കാന്‍പറ്റുമത്രേ.

ആകര്‍ഷണബലം വഹിക്കുന്ന ഗ്രാവിറ്റോണുകളും അതിശീതകണങ്ങളായ ആക്സിയോണുകളുംപോലെ ഇപ്പോള്‍ സിദ്ധാന്തങ്ങളില്‍ മാത്രമുള്ള കണികകള്‍ അടങ്ങിയ ഒരു സൂപ്പര്‍ ദ്രവത്തിലാണ് പ്രപഞ്ചമെന്നും ശൌര്യദാസിന്റെ സംഘം പറയുന്നു.

ഫ്രെഡ് ഹോയ്ലിന്റെ സ്റെഡി സ്റേറ്റ് സിദ്ധാന്തത്തില്‍നിന്നു വ്യത്യസ്തമാണ് ഇതെന്നാണ് ദാസ് പറയുന്നത്. ഹോയ്ലിന്റെ സിദ്ധാന്തത്തില്‍ ദ്രവ്യം നിരന്തരമായി ഉണ്ടാകണം. ഇതില്‍ അതു വേണ്ട.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.