ഒബാമയുടെ വിമര്‍ശനത്തിനു മറുപടിയുമായി നെതന്യാഹു
ഒബാമയുടെ വിമര്‍ശനത്തിനു മറുപടിയുമായി നെതന്യാഹു
Thursday, March 5, 2015 11:35 PM IST
ടെല്‍അവീവ്: യുഎസ് കോണ്‍ഗ്രസിലെ വിവാദ പ്രസംഗത്തിനുശേഷം ഇസ്രയേലില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി നെതന്യാഹു, പ്രസിഡന്റ് ഒബാമയ്ക്കെതിരേ വീണ്ടും ആഞ്ഞടിച്ചു.

ആണവപ്രശ്നത്തില്‍ ഇറാനുമായി ചര്‍ച്ച നടത്തി കരാറുണ്ടാക്കുന്നതിനു പകരം എന്തു ചെയ്യാമെന്നതു സംബന്ധിച്ച് ബദല്‍ നിര്‍ദേശങ്ങളൊന്നും ചൊവ്വാഴ്ചത്തെ പ്രസംഗത്തില്‍ മുന്നോട്ടുവയ്ക്കാന്‍ നെതന്യാഹൂവിനായില്ലെന്ന് ഒബാമ പറഞ്ഞതാണ് നെതന്യാഹുവിനെ ചൊടിപ്പിച്ചത്.

ഭീകരത പ്രചരിപ്പിക്കുന്നതില്‍നിന്ന് ഇറാന്‍ പിന്മാറാതെ അവര്‍ക്കെതിരേയുള്ള ഉപരോധം അവസാനിപ്പിക്കരുതെന്ന് യുഎസ് കോണ്‍ഗ്രസിലെ പ്രസംഗത്തില്‍ താന്‍ നിര്‍ദേശിച്ചുവെന്ന് നെതന്യാഹു വ്യക്തമാക്കി. അണുബോംബ് നിര്‍മാണത്തില്‍നിന്ന് ഇറാനെ തടയാന്‍ നിര്‍ദിഷ്ട കരാറിനാവില്ലെന്നും ബോംബുണ്ടാക്കാനുള്ള അവസരം അവര്‍ക്കു നല്‍കാനേ കരാറിടയാക്കൂ എന്നും നെതന്യാഹൂ ചൂണ്ടിക്കാട്ടി. കരാറുണ്ടാക്കാതിരിക്കുന്നതാണ് മോശമായ കരാറുണ്ടാക്കുന്നതിലും ഭേദം. ഇറാനെ വിശ്വസിക്കാനാവില്ലെന്നു പലവട്ടം തെളിഞ്ഞിട്ടുള്ളതാണെന്നും നെതന്യാഹു പറഞ്ഞു. ഇറാന് അണ്വായുധം ലഭിക്കുന്നത് ഇസ്രയേലിനു മാത്രമല്ല, പാശ്ചാത്യര്‍ക്കു മൊത്തത്തില്‍ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

വൈറ്റ്ഹൌസിനെ അറിയിക്കാതെ റിപ്പബ്ളിക്കന്‍ സ്പീക്കര്‍ ബേനറാണ് നെതന്യാഹൂവിനെ യുഎസ് കോണ്‍ഗ്രസില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചത്. ഇറാന്‍ കരാര്‍ തടസ്സപ്പെടുത്താനുള്ള അവസാന അവസരമാണിതെന്നു പറഞ്ഞ് യുഎസില്‍ എത്തിയ നെതന്യാഹുവുമായി കൂടിക്കാഴ്ചയ്ക്ക് പ്രസിഡന്റ് ഒബാമ വിസമ്മതിച്ചു. യുഎസ് കോണ്‍ഗ്രസിലെ ഡെമോക്രാറ്റുകളില്‍ 60 പേര്‍ പ്രസംഗം ബഹിഷ്കരിച്ചു.


ഈ മാസം 17നു നടക്കുന്ന ഇസ്രേലി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുകയാണ് നെതന്യാഹുവിന്റെ ലക്ഷ്യമെന്ന് ആരോപണമുണ്ട്. ഇസ്രേലി-യുഎസ് ബന്ധം കൂടുതല്‍ മോശമാക്കാനേ നെതന്യാഹുവിന്റെ സന്ദര്‍ശനം ഉപകരിച്ചുള്ളുവെന്ന് ഇസ്രയേലിലുള്ള അദ്ദേഹത്തിന്റെ വിമര്‍ശകര്‍ കുറ്റപ്പെടുത്തി.

നെതന്യാഹൂവിന്റെ പ്രസംഗം നടക്കുമ്പോള്‍ സ്വിറ്റ്സര്‍ലന്‍ഡിലെ മോണ്‍ട്രീക്സില്‍ യുഎസ് സ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും ഇറാന്‍ വിദേശമന്ത്രി ജാവേദ് സരീഫും ചര്‍ച്ച നടത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ ചര്‍ച്ച സമാപിച്ചു. ഏറെ പുരോഗതിയുണ്ടായെങ്കിലും തീരുമാനത്തിലെത്താന്‍ ഇനിയും കടമ്പകള്‍ കടക്കേണ്ടതുണ്ട്. അടുത്ത ചര്‍ച്ച ഈ മാസം 15നു നടക്കുമെന്നു യുഎസ് അധികൃതര്‍ വ്യക്തമാക്കി. മിക്കവാറും ജനീവയായിരിക്കും വേദി.

മാര്‍ച്ച് അവസാനത്തോടെ ഇറാനുമായി അന്തിമ ആണവക്കരാറിലെത്തുകയാണു ചര്‍ച്ചയുടെ ലക്ഷ്യം. അഞ്ചു വന്‍ശക്തികളും ജര്‍മനിയുമാണ് ഇറാനുമായി കരാറുണ്ടാക്കാനുള്ള നീക്കം നടത്തുന്നത്. അന്തിമകരാര്‍ ഉണ്ടാക്കിയാല്‍ ഇറാനെതിരേയുള്ള ഉപരോധത്തില്‍ ഗണ്യമായ ഇളവു വരുത്താനാവും. എന്നാല്‍ നെതന്യാഹുവിന്റെ യുഎസ് കോണ്‍ഗ്രസിലെ പ്രസംഗം കരാറുണ്ടാക്കുന്ന കാര്യത്തില്‍ യുഎസിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.