വീട്ടുജോലിക്കാരിയെ ഉപദ്രവിച്ച ഹോങ്കോംഗ് വനിതയ്ക്ക് ആറു വര്‍ഷം തടവ്
Saturday, February 28, 2015 11:15 PM IST
ഹോങ്കോംഗ്: ഇന്തോനേഷ്യക്കാരിയായ വീട്ടുവേലക്കാരിയെ മര്‍ദിക്കുകയും പട്ടിണിക്കിട്ടു പീഡിപ്പിക്കുകയും ചെയ്ത കേസില്‍ ഹോങ്കോംഗിലെ വീട്ടമ്മയ്ക്ക് കോടതി ആറുവര്‍ഷം തടവുശിക്ഷ വിധിച്ചു. വീട്ടുവേലക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന വിധത്തില്‍ നിയമഭേദഗതി വേണമെന്നും കോടതി നിര്‍ദേശിച്ചു.

മുന്‍ ബ്യുട്ടീഷ്യനും രണ്ടു മക്കളുടെ അമ്മയുമായ ലോ വാന്‍തുംഗിനെയാണ്(44) കോടതി ശിക്ഷിച്ചത്. 20 ആരോപണങ്ങളില്‍ 18ലും ലോ കുറ്റക്കാരിയാണെന്ന് ജഡ്ജി അമന്ദ വുഡ്കോക്ക് പറഞ്ഞു.

താന്‍ അനുഭവിച്ച യാതനകള്‍ പരിഗണിച്ചാല്‍ പ്രതിക്ക് ആറുവര്‍ഷത്തെ തടവു പോരെന്ന് പീഡനത്തിനിരയായ ജോലിക്കാരി 24കാരിയായ എര്‍വിയന സുലിസ്റയനിന്‍ഗ്സിഹ് റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു.

ജോലിക്കാരെ തന്നെക്കാള്‍ താഴ്ന്ന ജീവികളായാണ് പ്രതി കണ്ടിരുന്നതെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. റുള്‍ത്തടി, ഹാംഗര്‍, മോപ്പ് തുടങ്ങിയവ ഉപയോഗിച്ച് വേലക്കാരികളെ തല്ലുന്നത് അവര്‍ക്കു ഹരമായിരുന്നു. പലപ്പോഴും ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണമേ കൊടുത്തിരുന്നുള്ളു. 2013ല്‍ ഹോങ്കോംഗില്‍ ജോലിക്കെത്തിയ എര്‍വിയന കഴിഞ്ഞവര്‍ഷം ഇന്തോനേഷ്യയിലേക്കു മടങ്ങി ആശുപത്രിയില്‍ അഡ്മിറ്റായി. അവളുടെ ദേഹത്തെ പൊള്ളല്‍ തിളച്ചവെള്ളം വീണുണ്ടായതാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.


ഹോങ്കോംഗില്‍ 330000 വിദേശ വനിതകള്‍ വീട്ടുജോലി ചെയ്യുന്നുണ്െടന്നാണു കണക്ക്. ഫിലിപ്പീന്‍സില്‍നിന്നും ഇന്തോനേഷ്യയില്‍നിന്നുമുള്ളവരാണ് അധികവും. അടിമകളെപ്പോലെ പണിയെടുക്കുന്ന ഇന്തോനേഷ്യന്‍ സ്ത്രീകളുടെ ദുസ്ഥിതി അപലപനീയമാണെന്നു ആംനസ്റി കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.