വിദേശത്തു സൈനിക ഇടപെടലിനു നിയമം ഉണ്ടാക്കുമെന്നു ജപ്പാന്‍
വിദേശത്തു സൈനിക ഇടപെടലിനു നിയമം ഉണ്ടാക്കുമെന്നു ജപ്പാന്‍
Monday, February 2, 2015 12:15 AM IST
ടോക്കിയോ:രണ്ടാമത്തെ ജാ പ്പനീ സ് ബന്ദിയെയും ഐഎസ് ഭീകരര്‍ വധിച്ചതോടെ വിദേശത്തു സൈ നിക നടപടിക്കു സൈന്യത്തെ അ ധികാരപ്പെടുത്താന്‍ ജപ്പാന്‍ നീക്ക മാരംഭിച്ചു.

ജാപ്പനീസ് ബന്ദി കെന്‍ജി ഗോട്ടോയെ ശിരച്ഛേദം ചെയ്യുന്നതിന്റെ വീഡിയോ ഭീകരര്‍ പുറത്തുവിട്ടു. ജോര്‍ദാന്‍കാരനായ പൈലറ്റിനെ യും ശിരച്ഛേദം ചെയ്യുമെന്നു പറഞ്ഞിരുന്നെങ്കിലും വീഡിയോയില്‍ ഇതു സംബന്ധിച്ച് അറിയിപ്പില്ല. പൈലറ്റ് മുവാത് അല്‍ കസീസ്ബെയെ വിട്ടുകിട്ടുന്നതിനുള്ള ശ്രമം തുടരുമെന്ന് ജോര്‍ദാന്‍ വ്യക്തമാക്കി.

ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനായ 47കാരന്‍ കെന്‍ജി ഓറഞ്ച് വസ്ത്രമണിഞ്ഞു കറുത്തവസ്ത്രധാരിയായ ഭീകരന്റെ സമീപം മുട്ടുകുത്തി നില്‍ക്കുന്നതാണ് വീഡിയോയിലെ ആദ്യ ദൃശ്യം. ജപ്പാന്റെ കാളരാത്രികള്‍ക്കു തുടക്കം കുറിച്ചിരിക്കുകയാണെന്നു ബ്രിട്ടീഷ് ചുവയുള്ള ഇംഗ്ളീഷില്‍ പറയുന്ന ഭീകരന്‍ കെന്‍ജിയുടെ കഴുത്തില്‍ കത്തിവയ്ക്കുന്നതാണ് അടുത്ത ദൃശ്യം. വേര്‍പെടുത്തിയ ശിരസോടുകൂടിയ മൃതദേഹമാണ് പിന്നീടു കാണിക്കുന്നത്.

മുന്‍ വീഡിയോകളില്‍ സംസാരിച്ച ബ്രിട്ടീഷ് ഭീകരന്‍ ജിഹാദി ജോണിന്റെ സ്വരമാണ് ഇന്നലെ പുറത്തുവിട്ട വീഡിയോയിലും കേള്‍ക്കുന്നത്. മറ്റൊരു ജാപ്പനീസ് ബന്ദിയായ ഹരുണ യുകാവയെ തലവെട്ടിക്കൊല്ലുന്നതിന്റെ വീഡിയോ ഒരാഴ്ച മുമ്പ് ഭീകരര്‍ പുറത്തുവിട്ടിരുന്നു. സൈനിക കോണ്‍ട്രാക്ടറായ യുകാവയെ മോചിപ്പിക്കാനുള്ള ദൌത്യവുമായി സിറിയയില്‍ എത്തിയ കെന്‍ജിയെയും ഭീകരര്‍ കസ്റഡിയിലെടുക്കുകയായിരുന്നു. ജപ്പാന്‍ സര്‍ക്കാര്‍ 20 കോടി ഡോളര്‍ മോചനദ്രവ്യം നല്‍കണമെന്നായിരുന്നു ഭീകരുടെ ആവശ്യം. ആബെ സര്‍ക്കാര്‍ ഇതിനു തയാറായില്ല. യുകാവയുടെ വധത്തിനുശേഷം ഭീകരര്‍ മറ്റൊരാവശ്യം മുന്നോട്ടു വച്ചു. ജോര്‍ദാന്റെ കസ്റഡിയിലുള്ള ഇറാക്കി ഭീകരവനിത സാജിദ അല്‍ റിഷാവിയെ വിട്ടാല്‍ കെന്‍ജിയെയും തങ്ങളുടെ കസ്റഡിയിലുള്ള ജോര്‍ദാന്‍ യുദ്ധവിമാന പൈലറ്റ് മുവാത് അല്‍ കസീസ്ബെയെയും മോചിപ്പിക്കാമെന്നായിരുന്നു പുതിയ വാഗ്ദാനം. സിറിയയില്‍ ഐഎസ് താവളത്തില്‍ ബോംബിംഗിനു പോയ എഫ് 16 യുദ്ധവിമാനത്തിന്റെ പൈലറ്റായിരുന്നു കസീസ്ബെ.


വിമാനം മിസൈല്‍ പ്രയോഗിച്ചു വീഴ്ത്തിയ ഭീകരര്‍ ഇദ്ദേഹത്തെ കസ്റഡിയിലെടുക്കുകയായിരുന്നു. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ 2005ല്‍ 60 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ പേരില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതിയാണ് ഇറാക്കി വനിതയായ സാജിദ.

രണ്ടു ജപ്പാന്‍കാര്‍ കൊല്ലപ്പെട്ടതോടെ ജപ്പാന്‍ വിദേശത്തു സൈനിക നടപടിക്കു തങ്ങളുടെ സേനകളെ അനുവദിക്കാന്‍ നീക്കം തുടങ്ങി. വിദേശ ഇടപെടല്‍ അനുവദിക്കുന്ന നിയമം ഉണ്ടാക്കുമെന്നു പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തില്‍ തോറ്റു കീഴടങ്ങിയ ജപ്പാന്‍ തങ്ങളുടെ സൈന്യത്തിനു രാജ്യത്തിനു പുറത്തു പ്രവര്‍ത്തന സ്വാതന്ത്യ്രം നിയമപരമായി വിലക്കിയിരുന്നു.

ഇതു മാറ്റുന്നതിനു യാഥാസ്ഥിതികര്‍ സമ്മര്‍ദം ചെലുത്തിവരികയായിരുന്നു. ഇതു മാറ്റുന്നതോടെ ജപ്പാന്‍ വീണ്ടും പഴയതുപോലെ സൈനികശക്തിയാകാന്‍ ശ്രമിക്കുമെന്നു ഭയപ്പെടുന്നവരുണ്ട്. വിദേശത്തു ജാപ്പനീസ് പൌരന്മാരെ രക്ഷിക്കാന്‍ സൈന്യത്തെ അധികാരപ്പെടുത്തുന്ന നിയമനിര്‍മാണം ഇക്കൊല്ലം നടത്തുമെന്നാണ് ആബെ പറഞ്ഞത്.

കെന്‍ജിയെ ശിരച്ഛേദം ചെയ്ത ഭീകരരുടെ നടപടി ഒരിക്കലും പൊറുക്കില്ലെന്നു ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. ഭീകരര്‍ക്ക് കീഴടങ്ങില്ലെന്നും അന്തര്‍ദേശീയ സമൂഹവുമായി യോജിച്ച് ഭീകരരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുള്ള യത്നം തുടരുമെന്നും ആബെ കാബിനറ്റ് യോഗത്തിനുശേഷം റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു. പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ ഭക്ഷ്യവസ്തുക്കളും മരുന്നും മറ്റു ജീവകാരുണ്യസഹായ സാമഗ്രികളും അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറോണും യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും കെന്‍ജിയുടെ വധത്തെ അപലപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.