ലേസര്‍ ആവിഷ്കരിച്ച ടൌണ്‍സ് വിടവാങ്ങി
ലേസര്‍ ആവിഷ്കരിച്ച ടൌണ്‍സ് വിടവാങ്ങി
Friday, January 30, 2015 11:23 PM IST
ലോസ്ആഞ്ചലസ്: ലേസര്‍ കണ്ടുപിടിച്ച ചാള്‍സ് ടൌണ്‍സ് (99) അന്തരിച്ചു. ചികിത്സ മുതല്‍ ജ്യോതിശാസ്ത്രംവരെ എല്ലാ മേഖലകളിലും വിപ്ളവകരമായ മാറ്റം വരുത്തിയ ലേസര്‍ ആവിഷ്കരിച്ചതിന് 1964-ലെ ഭൌതികശാസ്ത്ര നൊബേല്‍ ഇദ്ദേഹം പങ്കുവച്ചിരുന്നു.

സൌത്ത് കരോളൈനക്കാരനായ ടൌണ്‍സ് വാഷിംഗ്ടണ്‍ ഡിസിയിലെ ഒരു പാര്‍ക്കില്‍ ഇരിക്കുമ്പോഴാണ് പ്രകാശത്തിന്റെ ഷോര്‍ട്ട് വേവിലുള്ള രശ്മികളെപ്പറ്റി ചിന്തിച്ചത്. ഉയര്‍ന്ന ആവൃത്തി (ഫ്രീക്വന്‍സി)യും കുറഞ്ഞ തരംഗദൈര്‍ഘ്യവുമുള്ള പ്രകാശകിരണം കൂടുതല്‍ കാര്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന് അദ്ദേഹം കരുതി. 1951-ലായിരുന്നു ഇത്. 1954-ല്‍ ടൌണ്‍സും വിദ്യാര്‍ഥികളുംകൂടി ഇതിന് ഉപകരണമുണ്ടാക്കി. മേസര്‍ (മൈക്രോവേവ് ആംപ്ളിഫിക്കേഷന്‍ ബൈ സ്റിമുലേറ്റഡ് എമിഷന്‍ ഓഫ് റേഡിയേഷന്‍) എന്നു പേരിട്ടു. നാലുവര്‍ഷം കഴിഞ്ഞ് അളിയന്‍ ആര്‍തര്‍ ഷോലോയുമായി ചേര്‍ന്ന് ലേസര്‍ യന്ത്രം ആവിഷ്കരിച്ചു. ബെല്‍ ലബോറട്ടറീസാണ് ഇതിനെ ലേസര്‍ (ലൈറ്റ് ആംപ്ളിഫിക്കേഷന്‍ ബൈ സ്റിമുലേറ്റഡ് എമിഷന്‍ ഓഫ് റേഡിയേഷന്‍) എന്നു പേരിട്ടു പേറ്റന്റ് ചെയ്തത്. 1964-ല്‍ റഷ്യക്കാരായ അലക്സാണ്ടര്‍ പ്രോഖോറോവ്, നിക്കോളായ് ബാസോവ് എന്നിവര്‍ക്കൊപ്പം ടൌണ്‍സ് നൊബേല്‍ പുരസ്കാരം പങ്കിട്ടു. റഷ്യക്കാരും സ്വതന്ത്രമായി മേസര്‍ സിദ്ധാന്തം ആവിഷ്കരിച്ചിരുന്നു.


ലേസറും മേസറും ജ്യോതിശാസ്ത്ര നിരീക്ഷണങ്ങള്‍ക്കായിരുന്നു ആദ്യം ഉപയോഗിച്ചുതുടങ്ങിയത്. സാധാരണ ദൂരദര്‍ശിനിയില്‍ പൊട്ടുപോലെ കാണുന്ന നക്ഷത്രങ്ങളുടെ വ്യാസം അളക്കാന്‍ ലേസര്‍ അധിഷ്ഠിത ഇന്‍ഫ്രാറെഡ് ദൂരദര്‍ശിനികള്‍ക്കു കഴിഞ്ഞു. ലോസ്ആഞ്ചലസിലെ മൌണ്ട് വില്‍സണ്‍ ഒബ്സര്‍വേറ്ററിയിലെ ദൂരദര്‍ശിനികള്‍ ടൌണ്‍സ് രൂപകല്‍പന ചെയ്തതാണ്.

ബര്‍ക്ക്ലിയിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോര്‍ണിയയുടെ ഫിസിക്സ് വിഭാഗത്തില്‍ അഞ്ചു പതിറ്റാണ്ടു പ്രവര്‍ത്തിച്ചിട്ടുണ്ട്. ശസ്ത്രക്രിയ മുതല്‍ ലോഹങ്ങള്‍ മുറിക്കുന്നിടത്തുവരെ ഉപയോഗിക്കപ്പെടുന്ന ലേസര്‍ നക്ഷത്രസമൂഹങ്ങളെ പഠിക്കാനും അണുകേന്ദ്ര ഘടന മനസിലാക്കാനും ഉപയോഗിക്കുന്നു. ശാസ്ത്രവും മതവും തമ്മില്‍ വൈരുധ്യമില്ലെന്നു വിശ്വസിച്ചിരുന്നയാളാണ് അദ്ദേഹം. ജീവിതത്തിന്റെ ആത്മീയമാനം ഉയര്‍ത്തിപ്പിടിച്ചതിന് 2005 ലെ ടെംപിള്‍ടണ്‍ സമ്മാനം ടൌണ്‍സിനു ലഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.