വൈറ്റ്ഹൌസ് വളപ്പില്‍ ഡ്രോണ്‍ തകര്‍ന്നു വീണു
Wednesday, January 28, 2015 12:15 AM IST
വാഷിംഗ്ടണ്‍: വൈറ്റ്ഹൌസിന്റെ സൌത്ത് ലോണില്‍ പൈലറ്റില്ലാ വിമാനം തകര്‍ന്നു വീണത് സുരക്ഷാഭീഷണി ഉയര്‍ത്തി. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. രണ്ടടി വ്യാസമുള്ള ഡ്രോണ്‍ പറത്തിയ സര്‍ക്കാര്‍ ജീവനക്കാരനെ തിരിച്ചറിഞ്ഞു. വിനോദത്തിനായാണ് ഇയാള്‍ വിമാനം പറത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പൈലറ്റില്ലാ വിമാനത്തിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ റഡാറിനു സാധിക്കാത്തത് വന്‍ സുരക്ഷാഭീഷണിയായി വിലയിരുത്തപ്പെടുന്നു. ഭീകരര്‍ക്ക് ഇത്തരം വിമാനങ്ങള്‍ ഉപയോഗിക്കാമെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ദുരന്തമുണ്ടായ സമയത്ത് പ്രസിഡന്റ് ഒബാമയും പത്നി മിഷേലും ഇന്ത്യയിലായിരുന്നു. വൈറ്റ്ഹൌസ് വളപ്പില്‍ ഡ്രോണ്‍ തകര്‍ന്നുവീഴുന്നത് ആദ്യസംഭവമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.